വരുന്ന ഖരീഫ് സീസണിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി യോഗം ചേർന്നു. ഗവർണറേറ്റിലുടനീളമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. വിജയകരവും ഉന്നതവുമായ വിനോദസഞ്ചാര അനുഭവത്തിനായി വിവിധ മേഖലകളിലെ ഏകീകൃത ശ്രമങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള യോഗത്തിൽ ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് അധ്യക്ഷതവഹിച്ചു.
പൈതൃക, ടൂറിസം മന്ത്രി സലീം ബിൻ മുഹമ്മദ് അൽ മഹ്റൂഖി, ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹ്‌മദ് ബിൻ മുഹ്‌സിൻ അൽ ഗസ്സാനി എന്നിവരുൾപ്പെടെ പ്രധാന വിശിഷ്ട വ്യക്തികൾ തന്ത്രപരമായ യോഗത്തിൽ സംബന്ധിച്ചു. പൊതുജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതും വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതുമായ മികച്ച ഖരീഫ് സീസൺ നൽകുന്നതിന് കൂട്ടായ സന്നദ്ധതയും വിധ മേഖലകളിലെ ഏകോപനവും ആവശ്യമാണെന്ന് സയ്യിദ് അസൈദ് ബിൻ സഈദ് അൽ ഖാസിമി പറഞ്ഞു.
ദോഫാർ മുനിസിപ്പാലിറ്റി തങ്ങളുടെ സേവന മെച്ചപ്പെടുത്തൽ പദ്ധതികളുടെ രൂപരേഖ വിശദമായ ദൃശ്യ വിവരണത്തിലൂടെ അവതരിപ്പിച്ചു. ഉൾഭാഗങ്ങളിലെ റോഡ് മെച്ചപ്പെടുത്തലുകൾ, ഗതാഗത മാനേജ്‌മെന്റ്, നിരീക്ഷണ സംവിധാനങ്ങൾ, വിവിധ വിലായത്തുകളിലുടനീളമുള്ള ഇവന്റ് സൈറ്റ് തയ്യാറെടുപ്പ് തുടങ്ങിയ കാര്യങ്ങളാണ് അവതരണത്തിലുൾപ്പെട്ടിരുന്നത്. ഉയർന്ന ട്രാഫിക് മേഖലകളിലെ തിരക്ക് നിയന്ത്രിക്കൽ, സുരക്ഷാ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കൽ, പൊതു സുരക്ഷ ഉറപ്പാക്കാൻ റെസ്‌ക്യൂ പ്രോട്ടോക്കോളുകൾ നടപ്പിലാക്കൽ എന്നിവ ഉൾപ്പെടുന്ന അവരുടെ ഗതാഗത, സുരക്ഷാ തന്ത്രങ്ങൾ റോയൽ ഒമാൻ പൊലീസിന്റെ ദോഫാർ കമാൻഡ് പങ്കവെച്ചു.
ഖരീഫ് സീസണിനെക്കുറിച്ച് പ്രാദേശിക, അന്തർദേശീയ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ടെലിവിഷൻ, റേഡിയോ ഷോകൾ, വാർത്താ ഫീച്ചറുകൾ, വിപുലമായ സോഷ്യൽ മീഡിയ ഉള്ളടക്കം എന്നിവ ഉൾപ്പെടുന്ന മീഡിയ റോഡ്മാപ്പിനെ പറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻഫർമേഷൻ വിശദീകരിച്ചു. സലാല വിമാനത്താവള പ്രവർത്തനങ്ങൾ, ആരോഗ്യ, ആംബുലൻസ് സേവനങ്ങൾ, താമസ ശേഷി, പൈതൃക ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സന്നദ്ധത വിലയിരുത്തലുകളും, പ്രധാന മേഖലകളിലെ വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ നിർണായക യൂട്ടിലിറ്റികളും അവലോകനം ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

