മികച്ച മഴ ലഭിച്ചതോടെ സലാലയടക്കമുള്ള ദോഫാറിലെ പ്രദേശങ്ങൾ ഖരീഫിന്റെ ഫുൾ മൂഡിലേക്ക് നീങ്ങിത്തുടങ്ങി. ഇതോടെ ഈ വർഷത്തെ ഖരീഫ് സീസണിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കും ആരംഭിച്ചു. കത്തുന്ന ചൂടിന് ആശ്വാസം തേടി ജി.സി.സിയടക്കമുള്ള രാജ്യങ്ങളിൽനിന്നാണ് സഞ്ചാരികൾ എത്തികൊണ്ടിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ 40 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ് പലയിടത്തും താപനില അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
നിലവിൽ 26 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയുള്ള സുഖപ്രദമായ കാലാവസ്ഥയാണ് സലാലയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സുഖകരമായ കാലാവസ്ഥയും മനംമയക്കുന്ന പ്രകൃതി സൗന്ദര്യങ്ങളും ആസ്വാദിക്കാനാണ് ഇവിടേക്ക് ആളുകൾ എത്തുന്നത്. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുകയും സലാലയടക്കമുള്ള സ്ഥലങ്ങളിൽ വൻ തിരക്കുമായിരിക്കും അനുഭവപ്പെടുക.
വാദി ദർബത്ത്, ഐൻ ഗാർസിസ്, ഐൻ രജത്, ഐൻ ഹോമ്രാൻ തുടങ്ങി എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിദേശികളാണെത്തിയത്. ഔദ്യോഗികമായി ജൂൺ 21 മുതൽ സെപ്റ്റംബർ ആദ്യം വരെയാണ് ഖരീഫ് സീസൺ.
എന്നാൽ, ഈ വർഷം വളരെ വൈകി ജൂലൈ ആദ്യവാരം മുതലാണ് മഴ ലഭിച്ചുതുടങ്ങിയത്. വൈകിയാണ് മഴ എത്തിയതെങ്കിലും പ്രകൃതി ഖരീഫിന്റെ വശ്യ സൗന്ദര്യത്തിലേക്ക് നീങ്ങിത്തുടങ്ങിയത് പ്രാദേശിക ടൂറിസം മേഖലക്കും വ്യാപാരികൾക്കും സന്തോഷം പകർന്നിട്ടുണ്ട്.
തേങ്ങ, പപ്പായ, വാഴപ്പഴം, ബദാം, വിവിധ നാടൻ പഴങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി വഴിയോര പഴക്കച്ചവടക്കാർ ഇതിനകം തങ്ങളുടെ സ്റ്റാളുകൾ സജീവമാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിൽ സലാലയിൽ മാത്രം കാണുന്ന സവിശേഷതയാണ് നിരനിരയായുള്ള ഇളനീർ, പഴം, പച്ചക്കറി കടകൾ. മരത്തിൽ പണിത് തെങ്ങോലകൾ കൊണ്ടാണ് ഇത്തരം കടകളുടെ മേൽക്കൂര പണിയുന്നത്. ഇത്തരം കടകളിൽ നിരത്തിവെച്ചിരിക്കുന്നവ രൂചിച്ചാണ് അധികം പേരും സലാലയിൽനിന്ന് മടങ്ങാറുള്ളത്.
ഖരീഫ് മഴയും മഞ്ഞും മാമലകളുടെ സൗന്ദര്യവും ആസ്വദിക്കുന്നതിനോടൊപ്പം സന്ദർശകർക്ക് ഒഴിവാക്കാനാകാത്ത കാഴ്ചയും അനുഭവവുമായിരിക്കും കടൽതീരത്തെ തോട്ടങ്ങളോടു ചേർന്ന് റോഡിന്റെ ഇരുവശങ്ങളിലുമായി നിരനിരയായി സംവിധാനിച്ചിട്ടുള്ള ഇളനീർ വില്പന ശാലകൾ.
ധാരാളം പുതിയ പാർക്കിങ് സ്ഥലങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഐൻ രാജാത്തിലും വാദി ദർബത്തിലും അനുഭവപ്പെട്ട വാഹനങ്ങളുടെ നീണ്ടനിര ഇവയൊന്നും പര്യാപ്തമല്ലെന്ന് തെളിയിക്കുന്നതാണ്. പതിവിൽനിന്ന് വ്യത്യസ്തമായി ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ 90 ദിവസമാക്കിയത് പ്രതീക്ഷയേകുന്ന കാര്യമാണ്.
മുൻവർഷങ്ങളിൽ ഇത് 45 ദിവസങ്ങളിലായിരുന്നു നടന്നിരുന്നത്. ഇത് നല്ല തീരുമാനമാണെന്നും സന്ദർശകരെ സ്വീകരിക്കുന്നത് ആസൂത്രണം ചെയ്യാനും സീസണൽ തിരക്ക് ഒഴിവാക്കാനും സഹായകമാകുമെന്ന് ദഹാരിസ് ഏരിയയിലെ ഒരു അപ്പാർട്ട്മെന്റ് ഉടമയും സലാല നിവാസിയുമായ അവദ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

