ദോഫാർ ഗവർണറേറ്റ് ഖരീഫ് ടൂറിസം സീസണിനായി ഒരുങ്ങുന്നു. ഹോസ്പിറ്റാലിറ്റി രംഗത്ത് മികച്ച സൗകര്യമാണ് ഇപ്രാവശ്യവും ഒരുക്കിയിരിക്കുന്നത്. ലൈസൻസുള്ള സ്ഥാപനങ്ങളുടെ എണ്ണം 100 ആയി. ഇതിലൂടെ 7,300 മുറികൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ സ്ഥിരീകരിച്ചു. സലാല, താഖ, മിർബാത്ത് എന്നിവിടങ്ങളിൽ പുതിയ ഹോട്ടൽ തുറക്കുന്നതിലടെയാണ് ഈ സൗകര്യമൊരുങ്ങുന്നത്.
ഈ ശേഷി വളർച്ച സന്നദ്ധതയിലും സേവന മികവിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ദോഫാറിലെ പ്രമോഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ അബ്ദുല്ല ബിൻ ഉ മർ അൽ സബ്ബ ബാബൂദ് പറഞ്ഞു. ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമായി പൈതൃക-ടൂറിസം മന്ത്രാലയം പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും പ്രാദേശിക വികസനത്തിനും ടൂറിസത്തെ നിർണായക സംഭാവന നൽകുന്ന ഒമാൻ വിഷൻ 2040 മായി ഈ ശ്രമങ്ങൾ യോജിക്കുന്നു.
2024 അവസാനത്തോടെ, ദോഫാറിൽ 6,537 മുറികളുള്ള 83 ലൈസൻസുള്ള ഹോട്ടലുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം വേനൽക്കാലത്തോടെ അത് നൂറായി വർധിച്ചു. 2024 സീസണിൽ തുടർച്ചയായി 90 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ വിപുലമായ കലണ്ടറും ഉണ്ടായിരുന്നു.
സാംസ്‌കാരിക പ്രദർശനങ്ങൾ, കുടുംബ വിനോദം മുതൽ സലാല ഇന്റർനാഷനൽ സൈക്ലിങ് ടൂർ പോലുള്ള കായിക ആകർഷണങ്ങൾ വരെയുള്ള പ്രവർത്തനങ്ങൾ ഗവർണറേറ്റിലുടനീളം വിശാലമായ പ്രേക്ഷക പങ്കാളിത്തം ആകർഷിച്ചു. ടൂറിസം മന്ത്രാലയം ഖരീഫിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനായി വിവിധ മാർക്കറ്റിങ് കാമ്പയിനുകളും നടപ്പാക്കി. ഒരു മുൻനിര മൺസൂൺ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദോഫറിനെ പരിചയപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും ശക്തമാക്കി.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024 ഖരീഫ് സീസണിൽ ദോഫാർ 1.048 ദശലക്ഷം സന്ദർശകരാണ് എത്തിയത്. ഇത് 2023 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനവാണ്. ഒമാനി സന്ദർശകരുടെ എണ്ണം 70.1 ശതമാനം വർധിച്ച് 734,500 ആയി. അതേസമയം ഗൾഫ് സന്ദർശകരുടെ എണ്ണം 16.9 ശതമാനം ഉയർന്ന് 177,000 ആയി. മറ്റ് അറബ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരിലും 3.6 ശതമാനം നേരിയ വർധനവ് രേഖപ്പെടുത്തി.