ബഹിരാകാശ മേഖലയിൽ കുതിപ്പ് തുടരുകയാണ് ഒമാൻ. ദുഖം 2 റോക്കറ്റ്, പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതായി വിവര സാങ്കേതിക മന്ത്രാലയം പറഞ്ഞു. ഇതിന്റെ ഭാഗമായി ജൂലൈ അഞ്ച് മുതൽ നാല് ദിവസത്തേക്ക് അൽ വുസ്ത തീരത്ത് മത്സ്യബന്ധന പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോടും കടൽ യാത്രക്കാരോടും എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കാനും വിക്ഷേപണ സമയത്ത് നിയുക്ത പ്രദേശം ഒഴിവാക്കാനും ആവശ്യപ്പെട്ടു.
അൽ ജാസിർ വിലായത്തിലെ അൽ കഹൽ പ്രദേശത്തും ദുകം വിലായത്തിലെ ഹിതം പ്രദേശത്തു നിന്നുമായിരിക്കും പരീക്ഷണ വിക്ഷേപണം. സ്റ്റെല്ലാർ കൈനറ്റിക്സുമായി സഹകരിച്ചാണ് വിക്ഷേപണം നടത്തുന്നത്. ഒമാനിലെ ബഹിരാകാശ പ്രവർത്തനങ്ങൾക്കായി ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വിക്ഷേപണം.
ഈ വർഷം അഞ്ച് റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് ഇത്തലാഖ് സ്പേസ്പോർട്ട് അറിയിച്ചിരുന്നു. ഒക്ടോബറിൽ ദുകം-3, നവംബറിൽ അംബിഷൻ-3, ഡിസംബറിൽ ദുകം-4 എന്നിവയും വിക്ഷേിപിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ദുഖം 1 ന്റെ ആദ്യത്തെ പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ചരിത്രനേട്ടമാണ് സ്പേസ്പോർട്ട് സ്വന്തമാക്കിയത്.