ഒമാനിൽ മാർച്ച് 10 വരെ മഴയ്ക്ക് സാധ്യത; CAA ജാഗ്രതാ നിർദ്ദേശം നൽകി

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 8 മുതൽ മാർച്ച് 10 വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഈ കാലയളവിൽ ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2024 മാർച്ച് 6-നാണ് CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴ, കാറ്റ് എന്നിവ അനുഭവപ്പെടുമെന്നും, താഴ്വരകളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മുപ്പത് മുതൽ നൂറ്റമ്പത് മിലീമീറ്റർ (ശക്തമായ – അതിതീവ്ര) വരെ മഴ ലഭിക്കാനിടയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ, താഴ്വരകൾ, നീർച്ചാലുകൾ എന്നിവയിൽ ഈ കാലയളവിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടാനിടയുണ്ടെന്നും, ജാഗ്രത പുലർത്തണമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ തീരമേഖലകളിൽ 2 മുതൽ 3 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും പതിനഞ്ച് മുതൽ ഇരുപത്തഞ്ച് നോട്ട് വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply