ഒമാനിൽ ബലി പെരുന്നാൾ ആഘോഷങ്ങൾ തുടരുന്നു. ഒട്ടറെ ആഘോഷ പരിപാടികളാണ് അധികൃതരുടെ നേതൃത്വത്തിലും വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടന്നത്. വരുന്ന വാരാന്ത്യങ്ങളും വ്യത്യസ്ത പരിപാടികളാണ് അരങ്ങേറാനിരിക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിന്ന ബലിപെരുന്നാൾ അവധി ഇന്ന് അവസാനിക്കും.
അതേസമയം, പെരുന്നാളിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ബീച്ചുകളിലും കോർണീഷുകളിലുമാണ് നിരവധി പേർ ഒഴുകിയെത്തിയത്. പാർക്കുകളിലും നൂറ് കണക്കിന് പേരെത്തി. കുടുംബമായാണ് ഇവിടെ അധിക പേരും എത്തിയത്. വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ വർധിച്ചത് കാരണം വൻ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.
ഒമാനിൽ പെരുന്നാൾ അവധി ആഘോഷിക്കാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ജിസിസി രാഷ്ട്രങ്ങളിൽ നിന്നും എത്തിയത്. റോഡ് വഴിയും വിമാന സർവീസുകൾ ഉപയോഗപ്പെടുത്തിയും സഞ്ചാരികൾ ഒമാനിലെത്തി. യുഎഇയിൽ നിന്നുള്ള സ്വദേശികളും വിദേശികളുമാണ് ഇവരിൽ ഏറെയും.
പ്രവാസികളും ആഘോഷം തുടരുകയാണ്. ബീച്ചുകളിലും പബ്ലിക് പാർക്കുകളിലും പ്രവാസി സന്ദർശക തിരക്കേറി. രാജ്യമാകെ വ്യത്യസ്ത ഈദ് പരിപാടികളാണ് നടക്കുന്നത്. ഷോപ്പിങ് മാളുകളിൽ ഉൾപ്പെടെ നടക്കുന്ന ആഘോഷങ്ങളിൽ മലയാളികൾ അടക്കമുള്ള പ്രവാസികളുടെ മികച്ച പങ്കാളിത്തമുണ്ട്. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ ഒട്ടേറെ പേരാണ് ആഘോഷത്തിനെത്തുന്നത്. വിവിധ പ്രവാസി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ് സംഗമങ്ങളും ആഘോഷങ്ങളും സജീവമാണ്.