ഒമാനിൽ പത്ത് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻറ് കാർഡ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റസിഡൻറ് കാർഡ് എടുക്കാത്തപക്ഷം രക്ഷിതാവിൻറെ പേരിൽ പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞു. ഒമാനിൽ താമസിക്കുന്ന ഓരോ പ്രവാസിയും രാജ്യത്ത് എത്തി 30 ദിവസത്തിനുള്ളിൽ റസിഡൻറ് കാർഡ് എടുത്തിരിക്കണം. ഇത് 10 വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്കും ബാധകമാണ്. വൈകുന്ന ഓരോ മാസത്തിനും പത്ത് റിയാൽ പിഴ ഈടാക്കും.
ഒറിജിനൽ പാസ്പോർട്ട്, ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള കത്ത്, മെഡിക്കൽ പരിശോധനക്ക് ശേഷം തൊഴിൽ മന്ത്രാലയത്തിൻറെ ഫോമിൻറെ ഒറിജിനൽ, പകർപ്പുകൾ എന്നിവ സഹിതം പ്രവാസി ഡിപ്പാർട്ട്മെൻറ് സന്ദർശിച്ചാൽ മുതിർന്ന ഒരാൾക്ക് പുതിയ റസിഡൻറ് കാർഡ് സ്വന്തമാക്കാം.
നിശ്ചിത കാലയളവിനുള്ളിൽ റസിഡൻറ് കാർഡ് ഉണ്ടാക്കാത്ത കുട്ടികൾക്കും പിഴ ബാധകമാകും. പല കാരണങ്ങളാൽ 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് റസിഡൻറ് കാർഡ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. റസിഡൻറ് കാർഡ് ഉള്ളത് വിമാനത്താവളങ്ങളിലെ എൻട്രി, എക്‌സിറ്റ് പ്രക്രിയകൾ എളുപ്പമാക്കുന്നു. ഒമാനിലെ മറ്റെല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും റസിഡൻറ് കാർഡ് നിർബന്ധമാണെന്നും അധികൃതർ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

