ന്യൂനമർദ്ദത്തെത്തുടർന്ന് മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ഞായറാഴ്ച കനത്ത മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരി ചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്നുമാറി നിൽക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസും നിർദ്ദേശം നൽകിയിട്ടുണ്ട്.
നിറഞ്ഞൊഴുകുന്ന വാദിയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ. അമീറാത്തിൽനിന്നുള്ള കാഴ്ച മുൻകരുതൽ നടപടിയുടെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിലെ അമീറാത്ത്-ബൗശർ റോഡ് അധികൃതർ പൂർണമായി അടച്ചു. അമീറാത്ത്, നഖൽ, ജഅലാൻ ബൂ അലി, ഖുറിയാത്ത്, റൂവി, വാദി കബീർ, ബൗഷർ, ബർക്ക, സൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. ഉച്ചയോടെ തുടങ്ങിയ മഴ പലയിടത്തും രാത്രിയോടെയാണ് ശക്തിയാർജിച്ചത്. ഉൾപ്രദേശങ്ങിൽ റോഡുകളിൽ വെള്ളം കയറി നേരീയതോതിൽ ഗതാഗത തടസ്സം നേരിട്ടു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്.
അതേസമയം, ബുധനാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള ശക്തമായ മഴയും കാറ്റും ലഭിക്കുക തിങ്കളാഴ്ചയായിരിക്കും. മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, ദാഹിറ, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിൽ 30 മുതൽ 100 മി. മീറ്റർവരെ മഴ കിട്ടിയേക്കും. മണിക്കൂറിൽ 28 മുതൽ 83വരെ കി.മീറ്റർ വേഗതയിലായിരിക്കും കാറ്റുവീശുക.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ 10 മുതൽ 35 മി. മീറ്റർവരെ മഴ ലഭിച്ചേക്കും. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലായിരിക്കും തീവ്രത അനുഭവപ്പെടുക. ബുധനാഴ്ച രാവിലെ മുതൽ ന്യൂനമർദ്ദം ക്രമേണ ദുർബലമാകും, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും.
മണിക്കൂറിൽ 28 മുതൽ 64കി. മീറ്റർവരെ വേഗതയിൽ കാറ്റു വീശിയേക്കും. വേണ്ട മുൻ കരുതൽ നടപടികൾ എടുക്കണമെന്നും കടലിൽ പോകുന്നവർ ദൂരക്കാഴ്ചയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

