ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ സി.സി.ടി.വി കവറേജ് വർധിപ്പിക്കുന്നു

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ സി.സി.ടി.വി കവറേജ് വർധിപ്പിക്കാൻ തീരുമാനം. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാമ്പസിലുടനീളം സമഗ്ര നിരീക്ഷണം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) പുറപ്പെടുവിച്ച പുതിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സി.ബി.എസ്.ഇ.യുടെ നിർദേശമനുസരിച്ച്, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സി.സി.ടി.വി കവറേജ് നിർബന്ധമാണ്.

ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ പറയുന്നതനുസരിച്ച്, അതാത് സ്കൂളുകൾ ആരംഭിച്ചതു മുതൽ എല്ലാ ഇന്ത്യൻ സ്കൂളുകളിലും സി.സി.ടി.വി ശൃംഖലകൾ പ്രവർത്തനക്ഷമമാണ്. നിലവിൽ, ബ്ലൈൻഡ് സ്പോട്ടുകളിൽ ക്യാമറകൾ സ്ഥാപിച്ച് കവറേജ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ നവീകരണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ബജറ്റും വകയിരുത്തിയിട്ടുണ്ട്.

സി.ബി.എസ്.ഇ. അധികൃതരുടെ നിർദേശം അനുസരിച്ച്, ക്ലാസ് മുറികൾ, ഇടനാഴികൾ, പ്രവേശന കവാടങ്ങൾ, എക്സിറ്റ് പോയിന്റുകൾ, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കും. കൂടാതെ, ദൃശ്യങ്ങൾ കുറഞ്ഞത് 30 ദിവസത്തേക്ക് സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകണം. പ്രത്യേകിച്ച് സ്കൂൾ സമയങ്ങളിലും പരീക്ഷാ സമയങ്ങളിലും ഇത് നിർബന്ധമാണ്. നിലവിൽ സുൽത്താനേറ്റിലെ 22 ഇന്ത്യൻ സ്കൂളുകളിലായി 45,000-ത്തിലധികം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply