ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ എട്ട് ഇന്ത്യക്കാരെ കരക്കെത്തിച്ചു. ഇവർക്ക് ആവശ്യമായ പരിചരണം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച ശ്രീലങ്കക്കാരനുൾപ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽപ്പെട്ട ഇന്ത്യൻ പൗരന്മാരാണ് ഇപ്പോൾ ആശ്വസ തീരമണഞ്ഞിരിക്കുന്നത്. കാണാതായ മറ്റുള്ളവർക്കുവേണ്ടി തിരിച്ചിൽ തുടരുകയാണ്. സുൽത്താനേറ്റിലെ ഇന്ത്യൻ എംബസി ഒമാനി അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സജീവമായി ഇടപെടുന്നുണ്ട്. ഇന്ത്യൻ നാവികസേനയും ഒമാനി അധികൃതരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജ് കപ്പൽ, വ്യോമനിരീക്ഷണത്തിന് പി-81 വിമാനം എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
അപകടത്തിൽ മരിച്ചയാളുടെ കടുംബത്തിന് അനുശോചനം അറിയിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യൻ, ഒമാനി അധികൃതർക്ക് നന്ദി അറിയിക്കുകയാണെന്നും കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു.
ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽനിന്ന് 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) തെക്കുകിഴക്കായാണ് തിങ്കളാഴ്ച എണ്ണക്കപ്പൽ മറിയുന്നത്. യമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ ആണ് അപകടത്തിൽപ്പെടുന്നത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്.
കപ്പലിൽനിന്ന് വാതക ചോർച്ചയില്ലെന്ന് കഴിഞ്ഞ ദിവസം ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതികരണ തന്ത്രങ്ങൾ തയാറാക്കുന്നതിനുമായി ബന്ധപ്പെട്ട സൈനിക, സിവിൽ അധികാരികളുമായി ഏകോപിപ്പിച്ച് അടിയന്തര യോഗം പരിസ്ഥിതി അതോറിറ്റി വിളിച്ചിരുന്നു. ചോർച്ചയടക്കമുള്ള ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

