ഒമാന്റെ ടൂറിസം രംഗത്തിന് വലിയ ഉണർവ് നൽകി, പത്ത് ദിവസം നീണ്ടുനിന്ന ഒമാൻ കൈറ്റ് ഫെസ്റ്റിവലിന് തിരശീല വീണു. സൗത്ത് ഷർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിൽ നടന്ന ഈ മേളയിൽ, 90-ൽ അധികം കായികതാരങ്ങൾ വിവിധ വിഭാഗങ്ങളിൽ പങ്കെടുത്തു.നാല് ഘട്ടങ്ങളായി നടന്ന മൾട്ടി സ്റ്റേജ് ഡൗൺവൈൻഡർ റേസിൽ അയ്മാൻ അബ്ദുല്ല അൽ ഗഫ്രി കിരീടം നേടി. അൽ മുഖ്താർ അബ്ദുൽകരീം അൽ മുജൈനി രണ്ടാം സ്ഥാനവും, ഈജിപ്ഷ്യൻ താരം അഹമ്മദ് മുഹമ്മദ് ജമാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സൂറിലെ വിലായത്തിൽ നടന്ന സ്ലാലോം റേസിൽ മാജിദ് അൽ ഖറൂസിക്കാണ് കിരീടം ലഭിച്ചത്. സൗത്ത് ഷർഖിയ ഗവർണർ ശൈഖ് ഡോ. യഹ്യ ബദർ അൽ മാവാലിയുടെ സാന്നിധ്യത്തിലാണ് സമാപന ചടങ്ങുകൾ നടന്നത്. സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, ലോക കായിക-ടൂറിസം ഭൂപടത്തിൽ ഒമാന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ കൈറ്റ് ഫെസ്റ്റിവൽ വലിയ പങ്കുവഹിച്ചതായി സംഘാടകർ അഭിപ്രായപ്പെട്ടു.
ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനിയായ ഒമ്രാൻ ഗ്രൂപ്പ്, ഒമാൻ സെയിൽ, വിസിറ്റ് ഒമാൻ, ഒമാൻ അഡ്വഞ്ചർ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഒമാന്റെ മനോഹരമായ തീരദേശ പരിസ്ഥിതിയുടെ വൈവിധ്യം വ്യക്തമാക്കുന്ന ഒരു ടൂറിസം അനുഭവം കൂടിയായിരുന്നു ഈ ഫെറ്റ്സ്റ്റിവൽ. രാജ്യത്തിന്റെ അനുകൂലമായ കാറ്റും കാലാവസ്ഥയും പാരിസ്ഥിതിക വൈവിധ്യവും ഫെസ്റ്റിവലിന് വേറിട്ട ഒരനുഭവം നൽകി.

