ഒമാനിലെ മസ്‌കറ്റ് വിമാനത്താവളത്തെ, മേഖലയിലെ പ്രധാന വ്യോമയാന ഹബ്ബായി ഉയർത്തുമെന്ന് ഒമാൻ എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എൻജിനീയർ അഹമ്മദ് ബിൻ സയീദ് അൽ അംരി പറഞ്ഞു.
ഇതിന്റെ ഭാഗമായി യൂറോപ്പ്, ചൈന തുടങ്ങി അന്താരാഷ്ട്ര സെക്ടറുകളിൽ നിന്നും ഒമാനിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ വർധിപ്പിക്കും. ഒമാനിലെ വിമാനത്താവളങ്ങൾ വരുമാനം വർധിപ്പിക്കുന്നതിനും പ്രവർത്തന മികവിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രാജ്യത്തേക്ക് കൂടുതൽ വിമാനങ്ങളെ ക്ഷണിക്കുന്നതായും ആഗോളതലത്തിൽ വിപുലീകരണം ലക്ഷ്യമിടുന്നതായും അഹമ്മദ് അൽ അംരി വ്യക്തമാക്കി.
ഒമാന്റെ ആഗോള വ്യോമയാന സാന്നിധ്യം ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി നിരവധി വിമാനക്കമ്പനികളുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നും മറ്റ് യൂറോപ്യൻ നഗരങ്ങളിൽ നിന്നും ഒമാനിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനായി ഒമാൻ എയർപോർട്ട്സ് യൂറോപ്യൻ ബജറ്റ് എയർലൈൻ വിസ് എയറുമായി വിപുലമായ ചർച്ചകൾ നടത്തിവരികയാണ്. ഈ റൂട്ടുകൾ ഉടൻ ആരംഭിക്കുന്നത്തിനായി ഗൗരവകരമായ ചർച്ചകളാണ് നടക്കുന്നതെന്നും എൻജി. അഹമ്മദ് ബിൻ സയീദ് അൽ അംരി പറഞ്ഞു.

