ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് എംപിമാർ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്ക് പാർലമെന്റിലാണ് കൂടിക്കാഴ്ച നടക്കുക. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് അമിത് ഷാ സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ഈ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ നോട്ടീസുകൾ തള്ളിയിരുന്നു. ഇന്നലെ ലോക്‌സഭയിൽ ശൂന്യവേളയിൽ എംപിമാർ ഈ വിഷയം ഉന്നയിക്കുകയും, കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെടുകയും ചെയ്തു. ലോക്‌സഭയിൽ യുഡിഎഫ് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ദുർഗ് ജയിലിൽ റിമാൻഡിലുള്ള കന്യാസ്ത്രീകൾ കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളി. തുടർന്ന് ബുധനാഴ്ച സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും അതും പരിഗണിച്ചില്ല. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നും, ബിലാസ്പൂരിലെ എൻഐഎ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. അതിനിടെ, യുഡിഎഫ് എംപിമാർ കഴിഞ്ഞ ദിവസം കന്യാസ്ത്രീകളെ ജയിലിലെത്തി സന്ദർശിച്ചിരുന്നു. ബുധനാഴ്ച ഇടതുനേതാക്കളും എംപിമാരും ജയിലിലെത്തി കന്യാസ്ത്രീകളുമായി സംസാരിച്ചു.

