രോഹിത് ശർമയുടെ പിൻഗാമിയായി ശ്രേയസ് അയ്യരെ ഏകദിന ടീം നായകനാക്കുമെന്ന വാർത്തകൾ തള്ളി ബിസിിസഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ. ശ്രേയസ് അയ്യരെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെയാണ് ശ്രേയസിനെ ഏകദിന ക്യാപ്റ്റനാക്കുമെന്ന റിപ്പോർട്ടുകൾ വന്നത്. നിലവിലെ ക്യാപ്റ്റനായ രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ ശ്രേയസിനെ ഏകദിനങ്ങളിലും ശുഭ്മാൻ ഗില്ലിനെ ടെസ്റ്റ്, ടി20 ടീമുകളുടെയും നായകനാക്കുമെന്നായിരുന്നു റിപ്പോർട്ട്. അടുത്ത ടി20 ലോകകപ്പിന് മുമ്പ് സൂര്യകുമാർ യാദവിന് ഗില്ലിനെ ടി20 നായകനായി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച വാർത്തകൾ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ തള്ളി.
താനാദ്യമായാണ് ഇത്തരമൊരു കാര്യം കേൾക്കുന്നതെന്നും അത്തരത്തിലുള്ള ഒരു ചർച്ചകളും നടക്കുന്നില്ലെന്നും ദേവ്ജിത് സൈക്കിയ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികപരിച്ചു. അതേസമയം,ഏകദിന ടീമിൻറെ ക്യാപ്റ്റൻ സ്ഥാനത്തേക്കും ശുഭ്മാൻ ഗില്ലിനെ തന്നെയാണ് പരിഗണിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. ടെസ്റ്റ് ടീം നായകനാണെന്നതിനാൽ ഗിൽ തന്നെയായിരിക്കും സ്വാഭാവികമായും ഏകദിനങ്ങളിലും ക്യാപ്റ്റനെന്നും ബിസിസിഐ ഉന്നതൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
നിലവിൽ ഏകദിന ടീമിൽ ശ്രേയസ് അവിഭാജ്യ ഘടകമാണ്. 2023ലെ ഏകദിന ലോകകപ്പിലും കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലും ശ്രേയസ് മികവ് കാട്ടിയിരുന്നു. ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ ഡൽഹിയെയും പഞ്ചാബിനെയും ഫൈനലിലെത്തിക്കുകയും കൊൽക്കത്തക്ക് കിരീടം സമ്മാനിക്കുകയും ചെയ്തതോടെയാണ് ഏകദിന ടീം നായകനായി ശ്രേയസിനെ പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ മൂന്ന് ഫോർമാറ്റിനും ഒറ്റ നായകനെന്ന നയത്തിൽ ബിസിസിഐ ഉറച്ചുനിന്നാൽ ശ്രേയസിന് ഏകദിന നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ല. ഐപിഎല്ലിൽ മികവ് കാട്ടിയിട്ടും ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

