Headlines

യുക്രൈനിൽ വെടിനിർത്തലില്ല; തീരുമാനമാകാതെ ട്രംപ്-പുടിൻ ചർച്ച

ഡൊണാൾഡ് ട്രംപും വ്‌ലാദിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ യുക്രൈനിലെ വെടിനിർത്തൽ കരാറിനെക്കുറിച്ച് തീരുമാനമൊന്നും ആയില്ല. അലാസ്‌കയിൽ വെച്ച് രണ്ടര മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം നേതാക്കൾ ഒരുമിച്ച് വാർത്താസമ്മേളനം നടത്തി. വലിയ പുരോഗതിയുണ്ടെന്നാണ് ഇരുവരും മാധ്യമങ്ങളെ അറിയിച്ചത്.

യുക്രൈനുമായും യൂറോപ്യൻ യൂണിയനുമായും ഉടൻ ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചർച്ചയിലെ ധാരണകൾ യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുടിനുമായുള്ള ചർച്ചകൾ തുടരുമെന്ന സൂചനയും ട്രംപ് നൽകി.

യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് താൽപര്യമുണ്ടെന്നും സമാധാനപാത തുറക്കുമെന്നും പുടിൻ പ്രതികരിച്ചു. തുടർ ചർച്ചകൾക്കായി ട്രംപിനെ റഷ്യയിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. യുക്രൈനിലെ യുദ്ധം അവസാനിക്കണമെങ്കിൽ റഷ്യയുടെ ആശങ്കകൾ പരിഹരിക്കപ്പെടണം. നിലവിലെ സാഹചര്യങ്ങൾ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പുടിൻ പറഞ്ഞു. ദീർഘകാല സമാധാനത്തിന് സംഘർഷങ്ങളുടെ മൂലകാരണങ്ങൾ ഇല്ലാതാവണം. യുക്രൈൻ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പാക്കണമെന്ന കാര്യത്തിൽ ട്രംപുമായി യോജിക്കുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു.

Leave a Reply