Headlines

മലപ്പുറത്ത് മരിച്ച സമ്പർക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 498 പേർ ഉള്ളതായി മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിൽ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേർ ഐസിയുവിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 46 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. അതേസമയം, മലപ്പുറത്ത് മരിച്ച സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവരുടെ സംസ്‌കാര ചടങ്ങുകൾ ആരോ?ഗ്യവകുപ്പ് തടഞ്ഞിരുന്നു.

പാലക്കാട് 3 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. പാലക്കാട് ജില്ലയിൽ 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേർ ഹൈയസ്റ്റ് റിസ്‌കിലും 116 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവിൽ ചികിത്സയിലാണ്. സെപ്റ്റംബർ മാസം വരെ നിപ കലണ്ടർ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാൻ മന്ത്രി നിർദേശം നൽകി. പൂനൈ ഐസിഎംആർ-ബാറ്റ്‌സ് ടീം പാലക്കാട് എത്തി സാമ്പിളുകൾ ശേഖരിച്ചു. എൻസിഡിസി ടീമും എത്തി ചർച്ച നടത്തി.

മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply