Headlines

നിമിഷപ്രിയയ്ക്കു മാപ്പില്ല; വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും; പ്രതികരിച്ച് തലാലിന്റെ സഹോദരൻ

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫെയ്സ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

കാലതാമസം തങ്ങളുടെ മനസിലെ മാറ്റില്ലെന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്. എത്രസമയമെടുത്താലും പ്രതികാരം ചെയ്യുമെന്നും കുറിപ്പിൽ പറയുന്നു. അറബിയിലാണ് പോസ്റ്റ്. വധശിക്ഷ വരെ തങ്ങൾ മുന്നോട്ടുപോകുമെന്നും തലാലിന്റെ സഹോദരൻ പറയുന്നു.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകൾ ഉണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. തലാലിന്റെ കുടുബത്തിന്റെ എതിർപ്പ് മറികടന്ന് വടക്കൻ യെമൻ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന്

പുതിയതായി നടക്കുന്ന മധ്യസ്ഥശ്രമങ്ങളും അനുരഞ്ജനശ്രമങ്ങളും ഇന്ന് കേൾക്കുന്ന കാര്യങ്ങളുമൊന്നും പുതിയതോ അപ്രതീക്ഷിതമോ അല്ല.

ഞങ്ങളുടെ ഈ വിഷയത്തിൽ, വർഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ധാരാളം മധ്യസ്ഥശ്രമങ്ങൾ നടക്കുന്നുണ്ട്, അത് സാധാരണവും പ്രതീക്ഷിക്കാവുന്നതുമാണ്.

നമ്മൾ നേരിട്ട സമ്മർദ്ദങ്ങൾ നമ്മുടെ നിലപാടുകളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ചുരുക്കം. നമ്മുടെ ആവശ്യം വ്യക്തമാണ് – പ്രതികാരം, അത് മാത്രം. മറ്റൊന്നും പരിഗണിക്കുന്നില്ല.

നിർഭാഗ്യവശാൽ, ഞങ്ങൾ പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചത്, വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചു. ഈ നീക്കം നടത്തിയവർക്ക് ഏതെങ്കിലും തരത്തിലുള്ള അനുരഞ്ജനശ്രമങ്ങളോടും ഞങ്ങൾക്കുള്ള എതിർപ്പ് നന്നായി അറിയാവുന്നതാണ്.

എന്തായാലും, വധശിക്ഷയുടെ തീയതി തീരുമാനിച്ചതിന് ശേഷമുള്ള കാര്യങ്ങൾ അതിന് മുൻപുള്ളതിനേക്കാൾ പ്രയാസമുള്ളതല്ല. വധശിക്ഷ നടപ്പാക്കുന്നത് വരെ ഞങ്ങൾ അതിനെ പിന്തുടരും.

ഈ മാറ്റിവെക്കൽ ഞങ്ങളെ തളർത്തില്ല, സമ്മർദ്ദങ്ങൾ ഞങ്ങളെ പിന്തിരിപ്പിക്കില്ല. രക്തത്തിന് വിലയിടാൻ കഴിയില്ല, നീതി മറക്കില്ല. എത്ര കാലമെടുത്താലും നീതി നടപ്പാക്കും, അത് സമയത്തിന്റെ മാത്രം കാര്യമാണ്. ദൈവത്തിൽ നിന്നാണ് സഹായം.

https://www.facebook.com/photo.php?fbid=3178538758979006&set=a.108877632611816&type=3&ref=embed_post

Leave a Reply