യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമൻ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ ശക്തമാക്കി. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ദയാധനം (ബ്ലഡ് മണി) കൈമാറുന്നത് ഉൾപ്പെടെയുള്ള നടപടികളിലെ സങ്കീർണ്ണതയാണ് രക്ഷാദൗത്യത്തിന് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി.വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര അധികൃതർ അറിയിച്ചു. പ്രാദേശിക അധികാരികളുമായും കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ, വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിമിഷപ്രിയയുടെ ഭർത്താവ് ടോമി തോമസ് വിഷയത്തിൽ മാധ്യമ റിപ്പോർട്ടുകൾ മാത്രമാണ് നിലവിലുള്ളതെന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. തലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കുമെന്നും ഉന്നത ഇടപെടലുകളിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.നെന്മാറ എംഎൽഎ കെ. ബാബു ചെയർമാനായി ‘സേവ് നിമിഷപ്രിയ ആക്ഷൻ കമ്മിറ്റി’ രൂപീകരിച്ച് മോചന ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം ദുഃഖകരവും ദൗർഭാഗ്യകരവുമാണെന്ന് കെ. ബാബു പ്രതികരിച്ചു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ ഇടപെട്ടിട്ടുണ്ടെന്നും, യെമനിലെ എംബസിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോത്രസമുദായങ്ങളാണ് അവിടെ പല നിർണായക തീരുമാനങ്ങളും എടുക്കുന്നതെന്നും, യെമനിലെ മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. സാമുവൽ ഉടൻ യെമനിലേക്ക് പോകുമെന്നും എംഎൽഎ അറിയിച്ചു.
യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16-ന് നടപ്പാക്കാൻ ഉത്തരവിട്ടതെന്നാണ് റിപ്പോർട്ട്. ഈ ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറിയതായി യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. വധശിക്ഷ ഒഴിവാക്കാനുള്ള ഏക പോംവഴി തലാലിന്റെ കുടുംബത്തിന്റെ മാപ്പാണെന്നും, അവരെ നാളെ കാണുമെന്നും സാമുവൽ കൂട്ടിച്ചേർത്തു.2017 ജൂലൈയിൽ യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ ജയിലിലായത്. 2020-ൽ സനായിലെ വിചാരണ കോടതിയും പിന്നീട് യെമൻ സുപ്രീം കോടതിയും നിമിഷയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. വധശിക്ഷ ഒഴിവാക്കാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 8.57 കോടി രൂപയാണ് ദയാധനമായി ആവശ്യപ്പെട്ടിരിക്കുന്നത്. 2017 മുതൽ നിമിഷപ്രിയ സനായിലെ ജയിലിലാണ്. പലതവണ മോചന ശ്രമങ്ങൾ നടന്നെങ്കിലും ഇതുവരെ ഫലവത്തായിട്ടില്ല.

