മുപ്പത്തഞ്ചുകാരി ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശിയായ സുഹൈലിനെ ഏനാത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനാലിനാണു യുവതിയെ പത്തനംതിട്ട കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൈലിനെതിരേ ആരോപണമുണ്ടായിരുന്നു. മരണശേഷം ബന്ധുക്കൾ കണ്ടെടുത്ത കുറിപ്പാണ് കേസിൽ നിർണായകമായത്. ഇരുവരും ഒരുമിച്ച് ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.
സൗഹൃദം മുതലെടുത്ത് സുഹൈൽ യുവതിയെ ചൂഷണം ചെയ്തെന്നു പൊലീസ് പറയുന്നു. ഫോണിലും സോഷ്യൽ മീഡിയയിലും സുഹൈൽ യുവതിക്കു മേൽ സമ്മർദവും ഭീഷണിയും ചെലുത്തിയിരുന്നെന്നും പൊലീസ്.

