ന്യൂജേഴ്സി ഗവർണർ ഫിലിപ്പ് ഡി. മർഫി, ഭാര്യ താമി മർഫിയോടൊപ്പം ഇടപ്പള്ളിയിലെ ലുലു മാൾ സന്ദർശിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ക്ഷണം സ്വീകരിച്ചാണ് ബിസിനസ് പാർട്ണർഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം മാളിലെത്തിയത്. ന്യൂജേഴ്സിയിൽ ലുലുവിന്റെ വ്യവസായങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന ഫിലിപ്പ് മർഫി, യൂസഫലിയുടെ അടുത്ത സുഹൃത്തുകൂടിയാണ്. മാളിലെത്തിയ ഗവർണറെയും ഭാര്യയെയും യൂസഫലിക്കൊപ്പം ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ എം.എ. നിഷാദ്, കൊച്ചി ഡയറക്ടർ സാദിഖ് കാസിം എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഗവർണർക്ക് ലുലു മാൾ ചുറ്റിക്കാണിക്കാനായി യൂസഫലി സ്വയം ഡ്രൈവറായി. ഒരു ബഗ്ഗി വണ്ടിയിൽ ഗവർണറെയും കുടുംബത്തെയും കൂട്ടി യൂസഫലി ഡ്രൈവർ സീറ്റിലിരുന്ന് മാളിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത് കാഴ്ചക്കാർക്ക് കൗതുകമായി. മാളിലെ ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച ഗവർണർ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വിഭാഗത്തിൽ ന്യൂജേഴ്സിയിൽ നിന്നുള്ള സാധനങ്ങൾ കണ്ടപ്പോൾ ഗവർണറുടെ ഭാര്യ അത്ഭുതം പ്രകടിപ്പിച്ചു. പിന്നീട്, ആപ്പിൾ സ്റ്റാളിൽ നിന്ന് ആപ്പിൾ കഴിച്ച ശേഷമാണ് ഫൺട്യൂറ അടക്കമുള്ള മറ്റു വിനോദകേന്ദ്രങ്ങൾ സന്ദർശിച്ചത്. കേരളത്തിന്റെ ഭക്ഷണവിഭവങ്ങളും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും കണ്ട് ഗവർണർ തന്റെ സന്തോഷം അറിയിച്ചു.

