ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി; പ്രശ്ന പരിഹാരത്തിന് ആറംഗ സമിതി
ഹിമാചൽ പ്രദേശിലെ കോൺഗ്രസിലുണ്ടായ പ്രശ്നപരിഹാരത്തിന് ആറംഗ സമിതി.തുടർ ചർച്ചകൾക്കും പ്രശ്നപരിഹാരത്തിനുമായി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ എന്നിവരെ ചേർത്താണ് പുതിയ സമിതിയുണ്ടാക്കിയത്.
ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു പറഞ്ഞു. എ.ഐ.സി.സി.നിരീക്ഷകർ എം.എൽ.എ.മാരുമായി ചർച്ച നടത്തിയതിന് പിന്നാലെ മന്ത്രി വിക്രമാദിത്യ സിങ് രാജി പിൻവലിച്ചു.ഡി.കെ ശിവകുമാർ,ഭൂപേഷ് ബാഗേല്‍,ഭൂപേന്ദ്ര ഹൂഡ എന്നീ നിരീക്ഷകരാണ് എം.എൽ.എമാരുമായി സംസാരിക്കുന്നത്.
അതേസമയം അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു. അയോഗ്യരാക്കിയതിനെ ചോദ്യംചെയ്താണ് 6 കോൺഗ്രസ് എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചത്.ഹിമാചല്‍പ്രദേശില്‍ ബി.ജെ.പിയോടൊപ്പം ചേർന്നു കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയവരെയാണ് അയോഗ്യരാക്കിയത്. രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്.
ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ ഇന്നലെ രാത്രി തങ്ങിയ ശേഷം നിയമസഭയിലെത്തിയ ആറ് എം.എൽ.എമാരെ ബി.ജെ.പി കയ്യടിച്ച് അഭിനന്ദിച്ചിരുന്നു. ''കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറ് എം.എല്‍.എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു'' സ്പീക്കർ കുൽദീപ് സിംഗ് പതാനിയ അറിയിച്ചു. കേവലം 25 എംഎൽഎമാരുള്ള ബിജെപി ഹിമാചൽ പ്രദേശ് സർക്കാരിനെ അട്ടിമറിക്കാൻ ഓവർടൈം പ്രവർത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എം.എല്‍.എമാര്‍ക്ക് ഭരണകക്ഷിയില്‍ വിശ്വാസമില്ലെന്ന് ബി.ജെ.പി വിലയിരുത്തി. അയോഗ്യരാക്കപ്പെട്ട ആറ് എം.എൽ.എമാരെ ഒഴിവാക്കിയാൽ 62 അംഗ സഭയിൽ കോൺഗ്രസിന് 34 എം.എൽ.എമാരാണുള്ളത്.കോൺഗ്രസിനെ പിന്തുണച്ച മൂന്ന് സ്വതന്ത്ര എം.എൽ.എമാരും രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തിരുന്നു.