'കൃത്യമായ അവലോകനവും പദ്ധതി നടപ്പാക്കലും'; മോദിയെ പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൃത്യമായ അവലോകനത്തെയും പദ്ധതി നടപ്പാക്കലിനെയും പുകഴ്ത്തി എൻ കെ പ്രേമചന്ദ്രൻ എംപി. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമാണം പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത യോഗത്തിലായിരുന്നു പ്രേമചന്ദ്രൻ മോദിയെ പുകഴ്ത്തിയത്. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും. ഈ പദ്ധതി നടപ്പാകുമെന്ന് ഉറപ്പുണ്ട്. കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമ്മാണം പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതോടെ പ്രധാന്യവും ഗൗരവും വർധിക്കുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും പ്രേമചന്ദ്രൻ പറഞ്ഞു.
'ഞാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു, പ്രാരംഭ ഘട്ടത്തിൽ ഇതിന്റെ ഉദ്ഘാടനം ചെയ്യണമോ എന്ന് ചോദിച്ചപ്പോൾ, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ കൃത്യമായി അദ്ദേഹത്തിന്റെ ഓഫീസ് വിലയിരുത്തും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതിക തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ സംസ്ഥാന സർക്കാരുമായി കേന്ദ്ര സർക്കാർ ബന്ധപ്പെട്ട് പരിഹരിക്കും. പ്രധാനമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് അനുഗ്രഹീതമാണ്'' എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയെ പുകഴ്ത്തിയപ്പോൾ സദസിലുണ്ടായിരുന്ന ബിജെപി നേതാക്കളും പ്രവർത്തകരും കയ്യടിച്ചു. പി.സി. വിഷ്ണുനാഥ് എംഎൽഎയും വേദിയിൽ ഉണ്ടായിരുന്നു.
അതേസമയം മൂന്നാമതും അധികാരത്തിൽ വരുമെന്ന ധാർഷ്ട്യവും അഹങ്കാരവുമാണ് കേന്ദ്രസർക്കാരിനെന്ന് കൊട്ടാരക്കരയിൽ നടന്ന സമരാഗ്നി പരിപാടിയിൽ എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. മതപരമായ ധ്രുവീകരണം ഉപയോഗിച്ച് അധികാരത്തിലെത്താനാണ് ശ്രമം, മോദി സർക്കാർ മാറി മതേതര ജനാധിപത്യ ബദൽ സർക്കാർ വരുമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ എംപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉച്ചഭക്ഷണ വിരുന്നിൽ രാഷ്ട്രീയമില്ലെന്നും ജനത്തിനെല്ലാം അറിയാമെന്നുമാണ് ഇതിൽ എംപിയുടെ വിശദീകരണം.