പ്രധാനമന്ത്രി ശ്രമിക്കുന്നത് ഒരു രാജ്യം ഒരു നേതാവ് എന്നതിന്; മോദി സർക്കാർ അധികാരത്തിലെത്തില്ലെന്ന് കെജ്രിവാൾ
ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ബിജെപിയും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വളരെ ചെറിയ പാർട്ടിയായ ആം ആദ്മിയെ തകർക്കുന്നതിനായി മോദി കഴിയാവുന്നതെല്ലാം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി എഎപി നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയാണ് എന്നാൽ വലിയ അഴിമതിക്കാരെല്ലാം ബിജെപിയിലാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഇനിയും മുഖ്യമന്ത്രിമാരെ മോദി ജയിലിലിടും, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പേര് കെജ്രിവാൾ എടുത്തുപറഞ്ഞു.
ഇനി മോദി സർക്കാർ അധികാരത്തിലെത്തില്ല, അമിത് ഷായെ പ്രധാനമന്ത്രി ആക്കാൻ വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്, എന്നാൽ എല്ലാ മുതിർന്ന ബിജെപി നേതാക്കളുടെയും ഭാവി മോദി ഇല്ലാതാക്കി, എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ സീറ്റ് കുറയും, 230ൽ കൂടുതൽ സീറ്റ് ബിജെപിക്ക് കിട്ടില്ല, ആം ആദ്മിയുടെ പങ്കോടുകൂടിയ സർക്കാർ അധികാരത്തിൽ വരുമെന്നും ഡൽഹിയ്ക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.