ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലി 70കാരിക്ക് ക്രൂരമർദ്ദനം. ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ വൃദ്ധയാണ് ചെറുമകന്റെയും ഭാര്യയുടെയും ആക്രമണത്തിനിരയായത്. ദമ്പതികൾ ഇവരെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനകം തന്നെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മർദ്ദനമേറ്റ വൃദ്ധ യുവാവിന്റെ സ്വന്തം മുത്തശ്ശിയാണെന്നും ദമ്പതികൾ നിരന്തരം ഇവരെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നുമാണ് നാട്ടുകാരുടെ മൊഴി. പ്രതികൾ വൃദ്ധയെ മർദ്ദിക്കുന്ന വീഡിയോ അയൽക്കാരണ് രഹസ്യമായി ചിത്രീകരിച്ച് പൊലീസിനും മറ്റുളളവർക്കും അയച്ചുകൊടുത്തത്.
പുറത്തുവന്ന വീഡിയോയിൽ ഒരു മുറിയിൽ നിലത്തിരിക്കുന്ന വൃദ്ധയെ കാണാം. അവരുടെ സമീപത്തായി യുവാവും കട്ടിലിന്റെ ഒരു വശത്ത് യുവതിയിരിക്കുന്നതും കാണാം. യുവതി വൃദ്ധയുടെ കൈ പിടിച്ച് വളയ്ക്കാൻ ശ്രമിക്കുന്നതോടെ അവർ കരയുന്നുണ്ട്. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ യുവാവ് വൃദ്ധയുടെ വായ പൊത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് യുവതി ഇവരെ കമ്പുപയോഗിച്ച് അടിക്കുന്നതും കാണാം.
മാസങ്ങൾക്ക് മുൻപ് കേരളത്തിലും സമാന സംഭവം നടന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ കൊല്ലം തെക്കുംഭാഗം തേവലക്കരയിൽ വ്യദ്ധയെ മർദ്ദിച്ച കേസിൽ മരുമകൾ അറസ്റ്റിലായിരുന്നു. തേവലക്കര സ്വദേശിയായ ഏലിയാമ്മ വർഗീസിനെ(80) മർദ്ദിച്ച സംഭവത്തിൽ മരുമകളായ മഞ്ജുമോൾ തോമസാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തിയാണ് പൊലീസ് അന്ന് കേസെടുത്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

