64 കോടി പേർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു, ചരിത്രപരമായ ഒരു യാത്രയായിരുന്നു; തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് 64 കോടി പേർ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. വോട്ടെണ്ണലിന് മുന്നോടിയായി ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീർത്തും സമാധാനപരമായി പൂർത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപരമായ ഒരു യാത്രയായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 എന്ന് അദ്ദേഹം പറഞ്ഞു. ആകെ വോട്ട് ചെയ്ത 64.2 കോടി പേരിൽ 31.2 കോടി സ്ത്രീകളായിരുന്നു. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തെ പ്രശംസിച്ച അദ്ദേഹം പോളിംഗ് ചുമതലയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേരുടെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.

രാജ്യത്തിന്റെ മുക്കിലും, മൂലയിലുമെത്തി പോളിംഗ് സാധ്യമാക്കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വിലമതിക്കാനാവാത്ത സേവനമാണ് ഉദ്യോഗസ്ഥർ കാഴ്ചവച്ചത്. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന ചില ആരോപണങ്ങൾ വളരെയധികം വേദനിപ്പിച്ചു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തി. അവിടെ വോട്ട് ചെയ്ത എല്ലാവരെയും സല്യൂട്ട് ചെയ്യുന്നു. മണിപ്പൂരിൽ സമാധാനപരമായി നടപടികൾ പൂർത്തിയാക്കി. ജനങ്ങൾ വോട്ട് ചെയ്യാൻ വലിയ ഉത്സാഹം കാഴ്ചവച്ചു. ഇന്നർ മണിപ്പൂരിൽ 71.96 ശതമാനവും ഔട്ടർ മണിപ്പൂരിൽ 51.86 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി പേർ പ്രതിഫലേച്ഛയില്ലാതെ തെരഞ്ഞെടുപ്പിനെ സഹായിച്ചുവെന്ന് സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവരുടെ പേര് പരാമർശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 23 രാജ്യങ്ങളിൽ നിന്നുള്ള 75 പ്രതിനിധികൾ ആറ് സംസ്ഥാനങ്ങൾ സന്ദർശിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്തി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്സവ അന്തരീക്ഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 4391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടി. ഇതൊന്നും നിസാര കാര്യമല്ലെന്നും രാജീവ് കുമാർ ചൂണ്ടിക്കാട്ടി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply