രാജസ്ഥാനിലെ ദൗസയിൽ ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മത്സര പരീക്ഷക്ക് ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന 25കാരൻ ഹൻസ് രാജ് മീണയാണ് കൊല്ലപ്പെട്ടത്.
ലൈബ്രറിയിലിരിക്കെ മൂന്ന് പേർ വരികയും ചായം പുരട്ടാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് വിസമ്മതിച്ചതിനാണ് ഹൻസ് രാജിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഹൻസ് രാജിന്റെ കുടുംബവും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു.
കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത സുരക്ഷയിലാണ്. ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലെ 100 ലധികം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടി കെട്ടിയിരിക്കുകയാണ്. അയോധ്യയിൽ ജുമുഅ നിസ്‌കാരം രണ്ട് മണിയിലേക്ക് മാറ്റിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

