ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോര് മുറുകുന്നു. മുഖ്യമന്ത്രിയാകാൻ താൻ യോഗ്യയെന്ന് പ്രതിഭാ സിംഗ് പറഞ്ഞു. എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും. മുഖ്യമന്ത്രി ആരെന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
പ്രചാരണ ചുമതലയിലുള്ള മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവർക്കാണ് കൂടുതല് സാധ്യത. സംസ്ഥാനത്തെ പ്രബല ജാതി വിഭാഗമായ രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള സുഖ്വീന്ദർ സിംഗ് സുഖുവിന് കൂടുതല് എംഎൽഎമാരുടെയും പിന്തുണയുമുണ്ട്. ഇതിനിടെയാണ് പ്രതിഭാ സിംഗ് അവകാശമുന്നയിച്ചെത്തിയത്. മുന് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ പേര് ഉയർത്തിയാണ് സമ്മർദം. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം ഫലം മാറ്റാർക്കെങ്കിലും നൽകാനാകില്ലെന്ന് പ്രതിഭ പറഞ്ഞു.
മകനും എംഎൽഎയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി നൽകണമെന്ന ആവശ്യവും പ്രതിഭയ്ക്കുണ്ട്. ബിജെപിയിൽ നിന്നും പിടിച്ചെടുത്ത മണ്ഡി ലോകസഭാ മണ്ഡലത്തിൽനിന്നുള്ള എംപിയായ പ്രതിഭയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്കെത്തൊൻ എംപിസ്ഥാനം രാജിവയ്ക്കണം. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാട് നിർണായകം. മകന് ഉപമുഖ്യമന്ത്രി സ്ഥാനം നല്കി പ്രതിഭയെ അനുനയിപ്പിക്കാനുള്ള നീക്കത്തിനും സാധ്യതയുണ്ട്. അതേസമയം ചണ്ഡീഗഡിൽ തുടരുന്ന എംഎൽഎമാരുടെ യോഗം വൈകീട്ട് ചേരും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

