ഹിമാചലിലെ മേഘവിസ്ഫോടനം: കാണാതായ 45 പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതം

ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ കാണാതായ 45 പേരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിൽ രക്ഷാപ്രവർത്തകർ. മണ്ഡി, ഷിംല, കുള്ളു ജില്ലകളിലാണ് വ്യാഴാഴ്ച മേഘവിസ്ഫോടനം ഉണ്ടായത്. ആകെ അഞ്ചുപേർ മരിച്ചു. ഇന്നു മേഖലയിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കാംഗ്ര, കുള്ളു, മണ്ഡി മേഖലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിനിടെ കാംഗ്ര, കുള്ളു, മണ്ഡി, ഷിംല, ചമ്പ, സിർമൗർ ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കുള്ളു ജില്ലയിലെ മലാന 2 എന്ന വൈദ്യുത പദ്ധതി പ്രദേശത്തു കുടുങ്ങിയ 33 പേരിൽ 29 പേരെ ഇന്നലെ രാത്രി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. ബാക്കിയുള്ളവരെ ഇന്നു രാവിലെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. ഷിംലയിലെ ശ്രീകണ്ഡ് മഹാദേവിന് അടുത്തുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് സർപാര, ഗൻവി, കുർബാൻ നല്ലാഹ്കളിൽ മിന്നൽപ്രളയം ഉണ്ടായത് സമേജ് മേഖലയിലാണ് കനത്ത നാശനഷ്ടം വരുത്തിവച്ചത്. 

ദേശീയദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിആർഎഫ്) രണ്ടു സംഘത്തെക്കൂടി അധികമായി കേന്ദ്രം വിട്ടുവെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അറിയിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായും സംസാരിച്ചെന്നും സുഖു കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply