ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനം; 3 മരണം, ഇരുന്നൂറോളം തീർത്ഥാടകർ കേദാർനാഥിൽ കുടുങ്ങി

ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനം. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ ഗൻസാലിയിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. നൗതർ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയതിന് പിന്നാലെയായിരുന്നു മരണം. പ്രദേശത്തെ നിരവധി വീടുകൾ ഒലിച്ചുപോയി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഷിംലയിലെ സമേജ് ഖഡിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. നിരവധി വീടുകൾ തകർന്നു. ഒരു കെട്ടിടം തകർന്ന് അപ്പാടെ കുളുവിലെ പാർവതി നദിയിൽ ഒഴുകിപ്പോയി. കുളു, സോളൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കേദാർനാഥിൽ ഭിം ബാലി അരുവിക്ക് സമീപം മണ്ണിടിഞ്ഞ് നടപ്പാതയുടെ 25 മീറ്ററോളം തകർന്നു. പാത താൽക്കാലികമായി അടച്ചതോടെയാണ് ഭിം ബാലിയിൽ 200 ഓളം തീർഥാടകർ കുടുങ്ങിയത്. സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്), പൊലീസും സംഭവ സ്ഥലത്തെത്തി. മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഗൗരികുണ്ഡ് ക്ഷേത്രത്തിൽ നിന്ന് അധികൃതർ തീർത്ഥാടകരെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply