തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. തീക്കളിയാണ് കോൺഗ്രസ് കളിക്കുന്നതെന്നും രാജ്നാഥ് സിങ് വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് നേട്ടത്തിനായി കോൺഗ്രസ് ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. തീക്കളിയാണ് കോൺഗ്രസ് കളിക്കുന്നത്. എന്നാൽ, അവരുടെ നേതാവ് രാഹുൽ ഗാന്ധിയുടെ ഉള്ളിൽ തീയില്ലെന്നും അദ്ദേഹം വിമർശിച്ചു.
സാമൂഹിക സൗഹാർദ അന്തരീക്ഷം തകർക്കാനാണ് കോൺഗ്രസ് ശ്രമം. വോട്ട് ബാങ്കായി മാത്രമാണ് അവർ മുസ്ലിം സമുദായത്തെ കാണുന്നത്. ജാതിയുടേയും മതത്തിന്റേയും പേരിൽ ഭിന്നിപ്പ് സൃഷ്ടിച്ച് സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമം. രാഷ്ട്രീയത്തിന്റെ ലക്ഷ്യം രാഷ്ട്രനിർമാണമാണ്. അല്ലാതെ, സർക്കാർ രൂപീകരണം മാത്രമല്ല രാഷ്ട്രീയമെന്നും അദ്ദേഹം കോൺഗ്രസിനെ ഓർമിപ്പിച്ചു.
400-ലധികം സീറ്റുകൾ സ്വന്തമാക്കി എൻ.ഡി.എ ഇത്തവണ അധികാരത്തിലേറും. ബി.ജെ.പി 370-ലധികം സീറ്റുകളിൽ വിജയിക്കും. യു.പിയിലും ബംഗാളിലും സീറ്റുകൾ വർധിക്കും. തമിഴ്നാട്ടിൽനിന്ന് ബി.ജെ.പിക്ക് എം.പിമാരുണ്ടാകും. കേരളത്തിൽ ഇത്തവണ പാർട്ടി അക്കൗണ്ട് തുറക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് (യു.സി.സി), ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അടക്കമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ബി.ജെ.പി തങ്ങളുടെ പ്രതിബദ്ധതകൾ നിറവേറ്റുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രകടനപത്രികയിൽ പറയുന്നതെല്ലാം സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

