സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച്‌ റെയ്‌ഡ് നടത്താൻ തീരുമാനിച്ചതായി വിവരം; കാത്തിരിക്കുകയാണെന്ന് രാഹുൽ

പാർലമെൻ്റിലെ തൻ്റെ പ്രസംഗത്തില്‍ കുപിതരായ കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച്‌ റെയ്‌ഡ് നടത്താൻ തീരുമാനിച്ചതായി ഏജൻസിക്ക് അകത്ത് നിന്ന് വിവരം ലഭിച്ചതായി രാഹുല്‍ ഗാന്ധി.

ഇഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്ക്കറ്റും തരാമെന്നും സമൂഹ മാധ്യമമായ എക്സിലെ തൻ്റെ അക്കൗണ്ടില്‍ രാഹുല്‍ ഗാന്ധി പരിഹാസ സ്വരത്തില്‍ എഴുതി. പാർലമെൻറിലെ തൻറെ ചക്രവ്യൂഹം പ്രസംഗത്തില്‍ പ്രകോപിതരായ രണ്ടില്‍ ഒരാളാണ് അന്വേഷണ ഏജൻസികളോട് റെയ്‌ഡ് നടത്താൻ ആവശ്യപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിട്ടുണ്ട്.

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി കേരളത്തില്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നും വയനാട്ടില്‍ വിവിധ ഇടങ്ങള്‍ സന്ദർശിക്കും. ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് രാവിലെ പത്തരയ്ക്ക് കോണ്‍ഗ്രസ് പ്രവർത്തകരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. 

മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസും ഇരുവരും സന്ദർശിക്കും. ജില്ല ഭരണകൂടത്തിന്റെ അവലോകന യോഗത്തിന് ശേഷം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ഇന്നലെ ഉരുള്‍പൊട്ടല്‍ മേഖലയായ ചൂരല്‍ മലയില്‍ ഇരുവരും സന്ദർശനം നടത്തിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply