സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്‍റെ മൊഴി പുറത്ത്. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നതെന്നാണ് നടിയുടെ മൊഴി. കഴിഞ്ഞ കുറച്ച് ദിവസമായി തനിക്ക് കോളുകൾ വന്നിരുന്നു. സ്വർണം കൊണ്ട് പോകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കോളുകൾ വന്നത്. സ്വർണം ആദ്യമായാണ് കടത്തുന്നത്. മുൻപ് കടത്തിയിട്ടില്ല. ദുബായ് എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ ഗേറ്റ് എ-യ്ക്ക് സമീപത്തുള്ള ഡൈനിംഗ് ലൗഞ്ചിലാണ് സ്വർണം തന്ന വ്യക്തിയെ കണ്ടത്. നേരത്തേ സ്വർണം കൈമാറുന്ന പോയന്‍റിനെക്കുറിച്ച് വിവരം തന്നിരുന്നെന്നും രന്യയുടെ മൊഴിയില്‍ ഉണ്ട്.
അറബ് വസ്ത്രം ഇട്ട ആൾ വന്ന് സ്വർണപ്പാക്കറ്റ് കൈമാറുമെന്നാണ് പറഞ്ഞത്. രണ്ട് കട്ടിയുള്ള ടാർപോളിൻ കവറുകൾ തന്ന ശേഷം ഇയാൾ നടന്ന് പോയി. ആറടി ഉയരമുള്ള, ആഫ്രിക്കൻ – അമേരിക്കൻ ഇംഗ്ലിഷ് ഉച്ചാരണമുള്ള, വെളുത്ത മനുഷ്യൻ എന്നാണ് രന്യ ഇയാളെക്കുറിച്ച് പറയുന്നത്. പിന്നീട് ശുചിമുറിയിൽ പോയാണ് താൻ ഈ സ്വർണക്കട്ടികൾ ദേഹത്ത് കെട്ടി വച്ചതെന്നും രന്യ വെളിപ്പെടുത്തി. യൂട്യൂബ് നോക്കിയാണ് താൻ സ്വർണക്കട്ടി എങ്ങനെ ദേഹത്ത് കെട്ടി വയ്ക്കാമെന്ന് പഠിച്ചതെന്നും രന്യ പറയുന്നു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

