തമിഴ്‌നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപ് നടത്തി 13 വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പരിശീലകൻ ശിവരാമൻ (28) മരിച്ചു. എലിവിഷം കഴിച്ചനിലയിൽ ഇയാളെ സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം.
അറസ്റ്റിലാകുമെന്നു മനസ്സിലായതിനു പിന്നാലെ 16നും 18നും ഇയാൾ എലിവിഷം കഴിച്ചുവെന്ന് കൃഷ്ണഗിരി ജില്ലാ എസ്പി പി. തങ്കദുരൈ അറിയിച്ചു. അവശനിലയിൽ ആയതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് എലിവിഷം കഴിച്ചതായി ഇയാൾ പറഞ്ഞത്. തുടർന്ന് ബുധനാഴ്ച വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പാർക്കൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിനികളെയാണ് ശിവരാമനും സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകരും ഉൾപ്പെടെ പീഡിപ്പിച്ചത്. സംഭവത്തിൽ 11 പേർ പിടിയിലായിട്ടുണ്ട്. എൻസിസി യൂണിറ്റ് ഇല്ലാത്ത സ്‌കൂളിൽ പുതിയ യൂണിറ്റ് അനുവദിപ്പിക്കാമെന്നു വാഗ്ദാനം ചെയ്‌തെത്തിയ പരിശീലകൻ കാവേരിപട്ടണം സ്വദേശി ശിവരാമൻ (28) ആണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ നേതൃത്വത്തിൽ കഴിഞ്ഞ 5 മുതൽ 9 വരെ സ്‌കൂളിൽ നടന്ന ക്യാംപിൽ 41 വിദ്യാർഥികളാണു പങ്കെടുത്തത്. 8നു പുലർച്ചെ 3ന് ശിവരാമൻ എട്ടാം ക്ലാസ് വിദ്യാർഥിയെ ആക്രമിച്ചു. പീഡനത്തെക്കുറിച്ച് വിദ്യാർഥിനി പ്രിൻസിപ്പൽ സതീഷ് കുമാറിനോടു പരാതിപ്പെട്ടെങ്കിലും പുറത്തുപറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. 16ന് ശാരീരികാസ്വാസ്ഥ്യം നേരിട്ടതോടെ കുട്ടി അമ്മയോടു വിവരം പറയുകയായിരുന്നു. ഒളിവിലായിരുന്ന മുഖ്യപ്രതി കാവേരിപട്ടണം തിമ്മപുരം ഗാന്ധി നഗർ സ്വദേശി ശിവരാമനെ കോയമ്പത്തൂരിൽ നിന്നാണു പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കവേ വീണ ഇയാളുടെ കാലൊടിഞ്ഞു. നാം തമിഴർ പാർട്ടി യുവജന വിഭാഗം നേതാവായിരുന്നു ഇയാൾ. മറ്റ് 12 വിദ്യാർഥിനികൾ കൂടി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു.
സംഘാടകരെക്കുറിച്ചു പശ്ചാത്തല പരിശോധനകൾപ്പോലും നടത്താതെയാണ് ക്യാംപ് നടത്താൻ അനുമതി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികൾ രാത്രിയിൽ തങ്ങിയിരുന്ന ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പീഡനം. അതേസമയം, സംഘാടകർക്ക് എൻസിസിയുമായി ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

