കോൺഗ്രസ് നേതാക്കാളായ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി പറഞ്ഞു. മണ്ഡലത്തിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ കണ്ടെത്താൻ അവർക്കായില്ലേയെന്നും ജംഷഡ്പൂരിലെ റാലിയിൽ സംസാരിക്കവെ മോദി കുറ്റപ്പെടുത്തി.
കോവിഡിനു ശേഷം ഒരിക്കൽപോലും സോണിയ റായ്ബറേലി സന്ദർശിച്ചിട്ടില്ലെന്നു പറഞ്ഞ മോദി ഇപ്പോൾ അവർ സ്വന്തം മകനുവേണ്ടി വോട്ട് ചോദിക്കുകയാണെന്നും അവരുടെ കുടുംബസ്വത്തായിട്ടാണ് റായ്ബറേലിയെ അവർ കരുതുന്നതെന്നും പറഞ്ഞു. കോൺഗ്രസിന്റെ രാജകുമാരൻ റായ്ബറേലിയിൽ മത്സരിക്കുന്നതിനായി പറന്നെത്തിയിരിക്കുകയാണെന്നും ഇത് തന്റെ അമ്മയുടെ സീറ്റാണെന്ന് പറഞ്ഞ് നടക്കുകയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.
അച്ഛൻ പഠിച്ച അതേ സ്കൂളിൽ പഠിക്കാൻ പോകുന്ന എട്ടു വയസ്സുകാരൻ പോലും ഇത് എന്റെ അച്ഛന്റെ സ്കൂളാണെന്ന് പറയില്ല, അതേസമയം, ഈ കുടുംബം പാർലമെന്റ് സീറ്റുകളുടെ വിൽപ്പത്രം എഴുതിവയ്ക്കുകയാണെന്നും ഇത്തരം പാർട്ടികളിൽനിന്ന് ജാർഖണ്ഡിനെ രക്ഷിക്കണമെന്നും മോദി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

