സിസോദിയക്കും കെജ്രിവാളിനും ജാമ്യം നൽകുന്നത് ശക്തമായി എതിര്‍ക്കുമെന്ന് ഇഡി

മദ്യ നയ കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഇഡി. രണ്ടു പേർക്കും മദ്യനയ അഴിമതിയിൽ നേരിട്ട് പങ്കെന്ന് ആരോപിച്ചാണ് ജാമ്യത്തെ എതിര്‍ക്കുക. സഞ്ജയ് സിംഗിൻറെ ജാമ്യത്തെ എതിർക്കാതിരുന്നത് ഇദ്ദേഹത്തിന് കേസിൽ നേരിട്ട് പങ്കില്ലാതിരുന്നതിനാലാണ്.

സഞ്ജയ് സിംഗിന്റെ ജാമ്യം മദ്യനയ കേസിലെ വിചാരണയെ ബാധിക്കില്ലെന്നും എല്ലാ പ്രതികൾക്കും എതിരെ തെളിവ് വിചാരണയിൽ നൽകുമെന്നും ഇഡി പറയുന്നു. ഇതുവരെ കേസിൽ തെളിവ് കണ്ടെത്താൻ ഇഡിക്ക് സാധിച്ചിട്ടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

മദ്യനയക്കേസിൽ ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കേസിൽ ഇന്നലെ ഇഡി മറുപടി സമർപ്പിച്ചിരുന്നു. കെജ്രിവാളിനെ നടപടി ക്രമങ്ങൾ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നും കള്ളപ്പണ ഇടപാടിന് കെജ്രിവാൾ പാർട്ടിയെ ഉപയോഗിച്ചെന്നുമായിരുന്നു ഇഡിയുടെ മറുപടി. 45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പിന് വേണ്ടി കെജ്രിവാൾ ചെലവാക്കിയെന്നും ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ഇഡി മറുപടി നൽകിയിട്ടുണ്ട്.

അതേസമയം മദ്യനയ കേസിൽ ജാമ്യം കിട്ടിയ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് ഇന്ന് പുറത്തിറങ്ങും. തിഹാറിൽ കഴിയുന്ന അദ്ദേഹത്തെ കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായി ആറു മാസങ്ങൾക്ക് ശേഷമാണ് സഞ്ജയ് സിംഗിന് ജാമ്യം ലഭിക്കുന്നത്. ഉപാധികളോടെ ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. രാഷ്ട്രീയ പ്രവർത്തനം തുടരാൻ അനുമതി നൽകിയ കോടതി കേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ നടത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply