ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. റിലീസിങ് ഓർഡർ കോടതി ജയിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റു നടപടികൾ പൂർത്തിയായി.
ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യു എ പി എ കേസിൽ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങിയത്. യുപി പൊലീസിന്‍റെ കേസിൽ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇ ഡി കേസിലും വെരിഫിക്കേഷൻ പൂർത്തിയായതോടെയാണ് ജയിൽ മോചിതം സാധ്യമാകുന്നത്. അവസാന ഘട്ട നടപടികൾ പൂർത്തിയാതോടെ കോടതി റിലീസിങ് ഓർഡർ ലഖ്‌നോ ജയിലിലേക്ക് അയച്ചു. ഇതോടെ സിദ്ദിഖ് കാപ്പന് നാളെ ജയിൽ മോചിതനാകാൻ കഴിയും.
കഴിഞ്ഞ സെപ്റ്റംബറിലാണ് യു എ പി എ കേസിൽ സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയത്. ഡിസംബറിൽ അലഹബാദ് ഹൈക്കോടതി ഇ ഡി കേസിലും ജാമ്യം നൽകി. ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

