‘സിഎഎ റദ്ദാക്കും, ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിന്ത്രിക്കും’; വമ്പൻ വാഗ്ദാനങ്ങളുമായി സിപിഐഎമ്മിന്റെ പ്രകടന പത്രിക പുറത്തിറക്കി

ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും സിഎഎ റദ്ദാക്കും തുടങ്ങി സുപ്രധാന വാഗ്ധാനങ്ങളുമായി സിപിഐഎം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് സിപിഐഎമ്മിന്റെ പ്രധാന വാഗ്ദാനം.

സംസ്ഥാനങ്ങളുടെ ഗവർണറെ തെരഞ്ഞെടുക്കാൻ അതത് മുഖ്യമന്ത്രിമാര്‍ ശുപാർശ ചെയ്യുന്ന സമിതിയെ നിയമിക്കും. സംസ്ഥാന ചെലവിൽ ഗവര്‍ണര്‍ കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും. ജിഡിപിയിൽ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പി ബി അംഗങ്ങളും ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

സര്‍ക്കാര്‍ മേഖലയിലേതിന് സമാനമായ രീതിയിൽ സ്വകാര്യ രംഗത്തും സംവരണം ഏർപ്പെടുത്തും. ജാതി സെൻസസ് നടപ്പാക്കും. തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് സർക്കാർ ഫണ്ട് ഏർപ്പെടുത്തും. കോർപ്പറേറ്റ് സംഭാവന നിരോധിക്കുമെന്നും സിപിഐഎം വ്യക്തമാക്കി. വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് നിയമം കൊണ്ടുവരും. യുഎപിഎയും കള്ളപ്പണ നിരോധന നിയമവും കിരാതമാണ്. ബിജെപിയേയും എൻഡിഎ സഖ്യ കക്ഷികളെയും തോൽപിക്കാൻ ആഹ്വാനം ചെയ്യും. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വർദ്ധിപ്പിക്കും. കേന്ദ്രത്തിൽ മതേതര സർക്കാരിനെ കൊണ്ടുവരും. തൊഴിലുറപ്പ് കൂലി ഇരട്ടിയാക്കും. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടന പത്രികയിലുണ്ട്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply