സത്യപാൽ മാലിക്കിന്റെ വസതിയിൽ ഉൾപ്പെടെ 30 ഇടങ്ങളിൽ സിബിഐ റെയ്ഡ്

ജലവൈദ്യുത പദ്ധതി കരാർ നൽകിയതിലെ അഴിമതിക്കേസിൽ ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കുമായി ബന്ധപ്പെട്ടയിടങ്ങളിൽ സി ബി ഐ പരിശോധന. അദ്ദേഹത്തിന്റെ വസതിയടക്കം മുപ്പതിടങ്ങളിലാണ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് രാവിലെയാണ് സി ബി ഐ റെയ്ഡ് ആരംഭിച്ചത്. നൂറിലധികം സി ബി ഐ ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ കരാർ നൽകിയതിൽ അഴിമതി നടന്നെന്നാണ് കേസ്. കരാർ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മാലിക്ക് ഉൾപ്പടെ അഞ്ച് പേർക്കെതിരെ 2022 ഏപ്രിലിലാണ് സി ബി ഐ കേസെടുത്തത്. 2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബർ 30വരെ ജമ്മു കാശ്മീർ ഗവർണർ ആയിരുന്നു മാലിക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ക്ലിയർ ചെയ്യുന്നതിനായി 300 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാലിക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ അസുഖം പോലും വകവയ്ക്കാതെയാണ് സ്വേച്ഛാധിപത്യ ശക്തികൾ റെയ്ഡ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളായിരുന്നു മാലിക്ക്. എന്നാൽ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം രംഗത്തെത്തിയതോടെ ബന്ധത്തിൽ വിള്ളൽ വീണു. 

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply