സംയുക്ത കിസാൻമോർച്ചയുടെ മാർച്ച്; കുപ്പിയിൽ പെട്രോൾ നൽകരുത്, നിയന്ത്രണങ്ങളുമായി സർക്കാർ

ഫെബ്രുവരി 13-ന് സംയുക്ത കിസാൻമോർച്ച ഡൽഹിയിൽ പ്രഖ്യാപിച്ച മാർച്ചിന് മുന്നോടിയായി നിയന്ത്രണങ്ങളുമായി ഹരിയാണ സർക്കാർ. കുപ്പിയിലോ മറ്റ് കണ്ടെയ്നറുകളിലോ ഇന്ധനം നൽകരുതെന്ന് സോനിപത് ജില്ലാ ഭരണകൂടം പെട്രോൾ പമ്പ് ഉടമകൾക്ക് നിർദേശം നൽകി. ട്രാക്ടറുകൾക്ക് 10 ലിറ്ററിൽ കൂടുതൽ പെട്രോൾ നൽകരുതെന്നും ഉത്തരവിൽ പറയുന്നു.

കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ടവർക്ക് ഇന്ധനം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കർഷകർക്ക് പെൻഷൻ, ഇൻഷുറൻസ് പദ്ധതി, താങ്ങുവില എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 13-ന് 200 കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി ചലോ മാർച്ച് നടത്തുന്നത്. സമരത്തിൽ കർഷകർ എത്തുന്നത് തടയാൻ നേരത്തേയും ഹരിയാണ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അത്യാവശ്യഘട്ടങ്ങളിലൊഴികെ യാത്രക്കാർ പ്രധാനപാതകൾ ഉപയോഗിക്കരുതെന്ന് ഹരിയാണ പോലീസ് ഉത്തരവിറക്കിയിരുന്നു. ഡൽഹിയിലെ സീലാംപുരിലും ഹരിയാണയിലെ പഞ്ച്കുലയിലും ആൾക്കൂട്ടങ്ങളുടെ കൂടിച്ചേരലുകൾ നിരോധിച്ചിട്ടുണ്ട്. പഞ്ചാബിലേയും ഹരിയാണയിലേയും കർഷകരുടെ പ്രവേശനം തടയാൻ ഡൽഹി അതിർത്തിയിൽ വലിയ ക്രെയ്നുകളും കണ്ടെയ്നറുകളും സ്ഥാപിച്ചിട്ടുണ്ട്. ഹരിയാണയിലെ ഏഴ് ജില്ലകളിൽ രാവിലെ ആറുമുതൽ രാത്രി 12 വരെ 13-ന് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും ബൾക്ക് എസ്.എം.എസ്. സേവനങ്ങൾക്കും നിരോധനമേർപ്പെടുത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply