ഷൂ ഏറിൽ പ്രതികരണവുമായി ചീഫ് ജസ്റ്റിസ്, മഹാമനസ്കത പ്രശംസനീയമെന്ന് സോളിസിറ്റർ ജനറൽ

സുപ്രീം കോടതിയിൽ വെച്ച് തനിക്ക് നേരെ നടന്ന ഷൂ ആക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ. ​ഗവായ്. സംഭവത്തെ മറന്നുപോയ അധ്യായമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ചീഫ് ജസ്റ്റിസ് പ്രതികരിക്കുന്നത്. തുറന്ന കോടതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിങ്കളാഴ്ച സംഭവിച്ചതിൽ ഞാനും എന്റെ ബഹുമാനപ്പെട്ട സഹപ്രവർത്തകനും ഞെട്ടിപ്പോയി. ഞങ്ങൾക്ക് അത് മറന്നുപോയ ഒരു അധ്യായമാണെന്നായിരുന്നു അഭിപ്രായ പ്രകടനം. നടപടിക്രമങ്ങൾക്കിടെ ജസ്റ്റിസ് ഉജ്ജൽ ഭൂയാന്റെ അരികിലിരുന്ന ചീഫ് ജസ്റ്റിസ് കൂടുതൽ അഭിപ്രായമൊന്നും പറഞ്ഞില്ല.

അതേസമയം, ജസ്റ്റിസ് ഭൂയാൻ സംഭവത്തിൽ പ്രതികരിച്ചു. അദ്ദേഹം (ബി.ആർ. ​ഗവായ്) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ്. ഇത് തമാശയുടെ കാര്യമല്ല. വർഷങ്ങളായി ജഡ്ജിമാർ എന്ന നിലയിൽ, മറ്റുള്ളവർക്ക് ന്യായീകരിക്കാൻ കഴിയാത്ത നിരവധി കാര്യങ്ങൾ ഞങ്ങൾ ചെയ്യേണ്ടിവരും. പക്ഷേ ഞങ്ങൾ ചെയ്തതിനെക്കുറിച്ചുള്ള അഭിപ്രായം മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അപലപിച്ചു. മാപ്പർഹിക്കാത്ത തെറ്റാണ് ഉണ്ടായത്. സംഭവം അവസാനിപ്പിച്ചതായി പരിഗണിച്ചതിലെ ചീഫ് ജസ്റ്റിസിന്റെ മഹാമനസ്കത പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച രാവിലെ ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് ഗവായ് ആദ്യ കേസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്. സുപ്രീം കോടതി അഭിഭാഷകർക്ക് നൽകിയ പ്രോക്സിമിറ്റി കാർഡ് ഉപയോഗിച്ച് രാകേഷ് കിഷോർ എന്ന അഭിഭാഷകൻ പെട്ടെന്ന് തന്റെ ഷൂ ഊരി ബെഞ്ചിലേക്ക് എറിയുകയായിരുന്നു. സനാതൻ ധർമ്മത്തെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply