ഷുഗർ നില ഉയർന്നു; കേജ്രിവാളിന് ജയിലിൽ ഇൻസുലിൻ നൽകി

തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഷുഗർ നില ഉയർന്നതിനാൽ ഇൻസുലിൻ നൽകി അധികൃതർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടർന്നാണ് നടപടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർ തയാറാകുന്നില്ലെന്ന് കേജ്രിവാൾ ആരോപിച്ചിരുന്നു. അതേസമയം എംയിസിൽനിന്നുള്ള വിദഗ്ധരുമായി നടത്തിയ വിഡിയോ കൺസൾട്ടേഷനിൽ ഇക്കാര്യം കേജ്രിവാൾ ഉന്നയിച്ചിട്ടില്ലെന്നാണ് ജയിൽ അധികൃതരുടെ വാദം.

ഇൻസുലിൻ ആവശ്യമാണെന്നു കേജ്രിവാൾ പറഞ്ഞതാണു ശരിയെന്നു തെളിഞ്ഞുവെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. എന്നാൽ ബിജെപി സർക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തിനു ചികിൽസ നിഷേധിക്കുകയാണ്. ഇൻസുലിൻ വേണ്ടെങ്കിൽ ഇപ്പോൾ എന്തിനാണു നൽകിയതെന്നു ബിജെപി പറയണം.- സൗരഭ് പറഞ്ഞു.

കേജ്രിവാളിന് ഇൻസുലിൻ ആവശ്യമാണോയെന്നു വിലയിരുക്കാൻ മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി എയിംസിനു നിർദേശം നൽകിയിരുന്നു. ഡോക്ടർമാർ നിർദേശിച്ച ഭക്ഷണക്രമത്തിനു വിരുദ്ധമായി വീട്ടിൽനിന്നു മാമ്പഴം ഉൾപ്പെടെ എത്തിച്ചു കഴിച്ചതിൽ കോടതി അമർഷം രേഖപ്പെടുത്തുകയും ചെയ്തു.

പ്രമേഹരോഗം വർധിച്ച സാഹചര്യത്തിൽ ഡോക്ടറെ വിഡിയോ കോൺഫറൻസിങ്ങിലൂടെ കാണാൻ അനുവദിക്കണമെന്ന ഹർജി തള്ളിയാണു പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ നിർദേശിച്ചത്. ജയിൽ അധികൃതർ തനിക്ക് ഇൻസുലിൻ അനുവദിക്കുന്നില്ലെന്ന കേജ്രിവാളിന്റെ വാദങ്ങളും കോടതി തള്ളി. കേജ്രിവാളിന് ആവശ്യമായ എല്ലാ വൈദ്യ സഹായവും ജയിലിൽ ലഭ്യമാക്കണമെന്നു കോടതി നിർദേശിച്ചു. മെഡിക്കൽ സംഘം നിർദേശിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളുവെന്നും കോടതി നിർദേശിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply