ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി വിളമ്പി; ഡൽഹിയിലെ ഹോട്ടലുടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഡൽഹിയിൽ ശ്രീരാമന്റെ ചിത്രം പതിച്ച പേപ്പർ പ്ലേറ്റിൽ ബിരിയാണി വിളമ്പിയ ഹോട്ടൽ ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിലുള്ള ഹോട്ടലിലാണ് സംഭവമുണ്ടായത്. ബിരിയാണി കൊടുക്കുന്ന ഡിസ്പോസിബിൾ പ്ലേറ്റിൽ ശ്രീരാമന്റെ ചിത്രം വന്നതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.

ടെലിഫോണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ഹോട്ടലിലെത്തി പരിശോധന നടത്തി. പിന്നാലെ ഉടമയെ ചോദ്യം ചെയ്തു. നിരപരാധിത്വം തെളിഞ്ഞതോടെ പ്ലേറ്റുകൾ കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വിട്ടയച്ചു. ഒരു ഫാക്ടറിയിൽ നിന്നാണ് ഹോട്ടലുടമ ആയിരം പ്ലേറ്റുകൾ വാങ്ങിയത്. അതിൽ ചിലതിൽ മാത്രമാണ് ശ്രീരാമന്റെ ചിത്രം ഉണ്ടായിരുന്നത്. ഉടമ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. പേപ്പർ പ്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച പേപ്പറിലുള്ള ചിത്രമാണ് ഇതെന്ന് വ്യക്തമായതോടെയാണ് ഉടമയെ വിട്ടയച്ചത്.’രാമായണ അൺറാവൽഡ്’ എന്ന പുസ്തകത്തിൽ ഉപയോഗിച്ച ചിത്രമാണ് പ്ലേറ്റിൽ അച്ചടിച്ചുവന്നത്. ഈ പുസ്തകത്തിന്റേതുൾപ്പെടയുള്ള പേപ്പറുകളാണ് പ്ലേറ്റ് നിർമിക്കാനായി ഉപയോഗിച്ചതെന്നാണ് ഉദ്യോഗസ്ഥർക്ക് മനസിലായത്. ഹോട്ടലിന് മുന്നിൽ പ്രാദേശിക ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന് ഫോൺ കോൾ വന്നതും അവർ സ്ഥലത്തെത്തിയതും.

പിന്നാലെ കടയിലുണ്ടായിരുന്ന പ്ലേറ്റുകൾ പരിശോധിച്ചു. വിശദമായ അന്വേഷണം നടത്താമെന്ന പൊലീസിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധക്കാർ കടയുടെ മുന്നിൽ നിന്നും പിരിഞ്ഞുപോയത്.’കടയിൽ വിരലിലെണ്ണാവുന്ന പ്ലേറ്റുകളിൽ മാത്രമാണ് ശ്രീരാമന്റെ ചിത്രം കണ്ടെത്തിയത്. ഇതിൽ ചിലത് ഉപയോഗിച്ചതാണ്. ഹോട്ടൽ ഉടമ ഇക്കാര്യം അറിഞ്ഞിരുന്നില്ല ‘, ഡൽഹി നോർത്ത് വെസ്റ്റ് ഡിസിപി ജിതേന്ദ്ര മീണ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply