വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ച യൂട്യൂബർ ബിജെപിയിൽ ചേർന്നു. ബിഹാറിൽ നിന്നുള്ള മനീഷ് കശ്യപ് ആണ് ബിജെപി എംപി മനോജ് തിവാരിയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വർഷം ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ തമിഴ്നാട്ടിൽ ആക്രമിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനു ഇയാൾ അറസ്റ്റിൽ ആയിരുന്നു.
സമാധാനാന്തരീക്ഷം ഉള്ള തമിഴ്നാട്ടിൽ സംഘർഷം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന്, ഇയാളുടെ ഹർജി പരിഗണിച്ചപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണത്തിൽ ഇയാൾക്കതിരെ സാമ്പത്തിക ക്രമക്കേടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു. തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾക്ക് മർദ്ദനമേൽക്കുന്നതായി 30ഓളം വ്യാജ വീഡിയോകളാണ് പ്രചരിപ്പിച്ചത്. ഇതേ തുടർന്ന് തമിഴ്നാട്ടിൽ ജോലിക്ക് പോകുന്നത് ഭീകരമാണെന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്.
വീഡിയോ പ്രചാരണത്തെത്തുടർന്ന് ബിഹാറില്‍ വലിയ പ്രതിഷേധമാണുണ്ടായത്. തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തമിഴ്‌നാട്ടില്‍ അന്വേഷണത്തിനായി അയയ്ക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. പോപ്പുലാരിറ്റിക്ക് വേണ്ടിയും കുടിയേറ്റ തൊഴിലാളികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനും വേണ്ടിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വിശദമാക്കിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

