വ്യാജ, പ്രൊമോഷണൽ കോളുകൾ, എസ്എംഎസ് എന്നിവ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 2023 മെയ് ഒന്നു മുതൽ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പദ്ധതി. സ്പാം കോളുകളും എസ്എംഎസുകളും തിരിച്ചറിയാൻ ഒരു എഐ ഫിൽട്ടർ അവതരിപ്പിക്കണമെന്നാണ് രാജ്യത്തെ ടെലികോം കമ്പനികളോട് നിർദേശിച്ചതായി ടെലികോം അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌പാം കോളുകളും എസ്‌എംഎസുകളും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ടെലികോം ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന തീരുമാനമാകുമിത്.
മെയ് ഒന്നു മുതൽ കോളുകളിലും എസ്എംഎസ് സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പാം ഫിൽട്ടർ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ടെലികോം കമ്പനികളോട് ട്രായ് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യാജ കോളുകളും പ്രൊമോഷണൽ കോളുകളും തിരിച്ചറിയാൻ ഈ എഐ ഫിൽട്ടർ ഉപഭോക്താക്കളെ സഹായിക്കും.
ടെലികോം കമ്പനികളായ ഭാരതി എയർടെലും റിലയൻസ് ജിയോയും എഐ ഫിൽട്ടർ സേവനം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഈ ഫീച്ചർ മെയ് ഒന്നു മുതൽ പ്രവർത്തനക്ഷമമാകും എന്നാണ് കരുതുന്നത്.
ഉപഭോക്താക്കൾക്ക് വലിയ തലവേദനയായ വ്യാജ കോളുകളും എസ്എംഎസുകളും തടയാൻ ട്രായ് ഏറേ നാളുകളായി പ്രവർത്തിച്ചു വരികയാണ്. ഉപഭോക്താക്കളെ കബളിപ്പിച്ച് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാൻ തട്ടിപ്പുകാർ കണ്ടെത്തുന്ന ഒരു മാർഗമാണിത്. മൊബൈൽ ഫോണിൽ വിളിക്കുന്നയാളുടെ ഫോട്ടോയും പേരും പ്രദർശിപ്പിക്കുന്ന കോൾ ഐഡി ഫീച്ചർ കൊണ്ടുവരാനുള്ള ഓപ്ഷനെക്കുറിച്ചും ട്രായ് അന്വേഷണങ്ങൾ നടത്തിവരികയാണ്. സ്വകാര്യത പ്രശ്‌നം മൂലമാണ് എയർടെൽ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ ഈ സാങ്കേതികവിദ്യ കൊണ്ടുവരാൻ മടി കാണിച്ചിരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

