ഡൽഹി മദ്യനയ കേസിൽ തടവിലായ ബി.ആർ.എസ് നേതാവ് കെ.കവിതയ്ക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം അനുവദിക്കാനാവില്ലെന്ന് തിഹാർ ജയിൽ അധികൃതർ. ഡൽഹി റോസ് അവന്യു കോടതിയിലാണ് കവിതയുടെ ഭക്ഷണ ആവശ്യത്തിനെതിരെ ജയിൽ അധികൃതർ രംഗത്തുവന്നത്. വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട് കെ കവിത കോടതിയിൽ നൽകിയ ആപേക്ഷയിലാണ് തിഹാർ ജയിലിന്റെ മറുപടി.
മാർച്ച് 15നാണ് ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി കവിതയെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബി.ആർ.എസ് നേതാവ്.രക്തസമ്മർദമുള്ള കവിതയ്ക്ക് ദക്ഷിണേന്ത്യൻ ഭക്ഷണം കഴിച്ചിലെങ്കിൽ ആരോഗ്യനില വഷളാവുമെന്നായിരുന്നു അഭിഭാഷകനായ നിതേഷ് റാണയുടെ വാദം.എന്നാൽ ഡോക്ടറിന്റെ കുറിപ്പടിയില്ലാതെ കവിതയ്ക്ക് പ്രത്യേക ഭക്ഷണക്രമം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
വീട്ടിൽ പാകം ചെയ്ത ഭക്ഷണവും കിടക്കയും ലഭ്യമാക്കാൻ ജയിൽ അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകണമെന്നായിരുന്നു കവിതയുടെ അപേക്ഷ. തന്റെ കണ്ണടയും ജപമാലയും ജയിലിൽ എത്തിക്കണമെന്നും ഇവ കൂടാതെ ചെരുപ്പ്, ബെഡ്ഷീറ്റ്, പുസ്തകങ്ങൾ, ബ്ലാങ്കെറ്റ്, പേന, പേപ്പർ ഷീറ്റുകൾ, ആഭരണം, മരുന്ന് തുടങ്ങിയ പല സാധാനങ്ങളും ജയിലിൽ അനുവദിക്കണമെന്ന് ജയിൽ അധികൃതർക്ക് നിർദേശം നൽകാൻ അപേക്ഷയിൽ പറയുന്നുണ്ട്.
ജുഡീഷ്യൽ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവിനെ മുൻ നിർത്തിയാണ് കവിത പരാതി നൽകിയിട്ടുള്ളത്. എന്നാൽ കോടതി ഉത്തരവിൽ കവിതക്ക് ജയിലിൽ പ്രത്യേക പരിഗണന നൽകേണ്ടുന്നതായി പറഞ്ഞിട്ടില്ലെന്നും ജയിലിൽ ഈ സാധനങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

