വിമർശനങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി താലിബാൻ; ഇന്ന് നടക്കുന്ന വാർത്താസമ്മേളനത്തിന് വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണം

വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമ പ്രവർത്തകരെ വിലക്കിയ നിലപാട് തിരുത്തി താലിബാൻ. ഇന്ത്യയിൽ തുടരുന്ന അഫ്ഗാൻ വിദേശ കാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുടെ വാർത്താ സമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണം. നേരത്തെ വനിതകളെ വിലക്കിയത് വിവാദമായിരുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്. അമീർ ഖാൻ മുത്തഖി, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്.

ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഈ വാർത്താസമ്മേളനം നടന്നത്. വാർത്താസമ്മേളനത്തിലേക്ക് പുരുഷ മാധ്യമപ്രവർത്തകരേ മാത്രമാണ് ക്ഷണിച്ചിരുന്നത്. വിമർശനങ്ങൾ ഉയർന്നതോടെ, വനിത മാധ്യമപ്രവർത്തകർ ഒഴിവാക്കിയതിൽ പങ്കില്ലെന്നും, വാർത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. താലിബാന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ പ്രതിഫലനമാണിതെന്ന് ആരോപിച്ച് വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവേചനപരമായ നയങ്ങൾക്ക് അവസരം നൽകിയതിന് കേന്ദ്ര സർക്കാരിനെയും വിമർശിച്ചിരുന്നു. ഈ പ്രതിഷേധങ്ങൾക്കൊടുവിലാണ് മുത്തഖി വീണ്ടും വാർത്താസമ്മേളനം വിളിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply