ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു. പലയിടത്തും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. സ്ത്രീ വോട്ടര്‍മാരുടെ വലിയ പങ്കാളിത്തമാണ് വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചു. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.
ഉത്തരാഖണ്ഡിലെ പൗരി ഗർവാളില്‍ വിവാഹവേഷത്തിലെത്തി നവദമ്പതികള്‍ വോട്ട് ചെയ്‌തതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് മണി വരെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ത്രിപുരയിലാണ്. 1.21 ശതമാനം പേര്‍ ഇവിടെ വോട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ 1625 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമ്പോള്‍ വോട്ടിംഗിനായി 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ എല്ലാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് ഇന്നാണ്. 8.21 ആണ് 9 മണി വരെ തമിഴ്നാട്ടിലെ പോളിംഗ് ശതമാനം.
പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, ഖുഷ്ബു, ശിവകാർത്തികേയൻ സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

