രാജസ്ഥാനിലെ അഞ്ചു മണ്ഡലങ്ങളില്‍ ബി.ജെ.പി നേരിടുന്നത് കടുത്ത മത്സരം. മുന്നണി വിട്ടവരും പാര്‍ട്ടിവിട്ടവരും സ്വതന്ത്രരും വിജയം തടയുമെന്ന ആശങ്കയിലാണ് ബി.ജെ.പി. മുഴുവന്‍ സീറ്റും നേടാനാവില്ലെന്ന നിഗമനവും പാര്‍ട്ടിക്കകത്തുണ്ട്. ചുരു, നാഗോര്‍, ബാഡ്മര്‍, ജുന്‍ജുനു, ദൗസ മണ്ഡലങ്ങളിലാണ് ബി.ജെ.പി കടുത്ത മത്സരം നേരിടുന്നത്. ചുരുവില്‍ കഴിഞ്ഞ രണ്ടു തവണയും ബി.ജെ.പി എം.പിയായിരുന്ന രാഹുല്‍ കസ്വാനാണ് രാജിവെച്ച് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. കസ്വാന്റെ ജനപ്രീതിയില്‍ ബി.ജെ.പിക്ക് ഭയമുണ്ട്.
നാഗോറില്‍ നിലവിലെ ആര്‍.എല്‍.പി. എംപി ഹനുമാന്‍ ബെനിവാളാണ് ഇന്‍ഡ്യാ മുന്നണിക്കായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കൂടെയുണ്ടായിരുന്ന ആര്‍.എല്‍.പി മുന്നണി മാറിയത് ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ്. ബാഡ്മറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ രവീന്ദ്ര സിങ് ഭാട്ടിയാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്. യുവനേതാവായ ഭാട്ടി നിലവില്‍ ബാഡ്മറില്‍ ഉള്‍പ്പെടുന്ന ഷിയോ മണ്ഡലത്തിലെ സ്വതന്ത്ര എം.എല്‍.എയാണ്. ഭാട്ടി കൂടുതല്‍ വോട്ടുപിടിച്ചാല്‍ അത് ബി.ജെ.പി വോട്ടില്‍ വിള്ളലുണ്ടാക്കുകയും കോണ്‍ഗ്രസിനെ വിജയത്തിന് കാരണമാവുകയും ചെയ്യും.
ജുന്‍ജുനു മണ്ഡലത്തിലെ എട്ടില്‍ ആറ് നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ്. 25ല്‍ 25ഉം കിട്ടുമെന്ന് ബി.ജെ.പിക്ക് തന്നെ സംശയമുള്ള സാഹചര്യമാണ് നിലവില്‍ ഉള്ളത്. ‘ഞാന്‍ ബിജെപിയാണ്. ഇരുപത് സീറ്റു വരെ കിട്ടാനാണ് സാധ്യത. പക്ഷെ മോദിക്ക് വേണ്ടി 25 സീറ്റു വരെ കിട്ടണമെന്നാണ് ആഗ്രഹം. പക്ഷെ മുഴുവന്‍ സീറ്റും കിട്ടാനുള്ള സാധ്യതയില്ല’. ബി.ജെ.പി പ്രവര്‍ത്തകന്‍ സുനില്‍ കുമാര്‍ പറഞ്ഞു. ഇതുകൂടാതെ ദൗസ, സിക്കര്‍, ബന്‍സ്വാര സീറ്റുകളിലും ഇന്‍ഡ്യാ മുന്നണി മികച്ച പോരാട്ടം കാഴ്ചവയ്ക്കുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

