റമദാൻ ; കർണാടകയിലും ആന്ധ്രയിലും സ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം

വിശുദ്ധ റമദാൻ കണക്കിലെടുത്ത് കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം. ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ വിദ്യാർത്ഥികൾക്കും അവരുടെ അക്കാദമിക് പ്രകടനത്തെ ബാധിക്കാതെ റമദാൻ വ്രതം അനുഷ്ഠിക്കുന്നതിന് വേണ്ടിയാണ് സമയ മാറ്റം കൊണ്ട് വന്നിട്ടുള്ളത്. ഉറുദു പ്രൈമറി, ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12:45 വരെ പരിഷ്‌കരിച്ചുകൊണ്ട് കർണാടക ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ സ്‌കൂളുകളുടെ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കി.

ഈ തീരുമാനം മുൻകൂർ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നതും വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന് തടസം സൃഷ്ടിക്കാതെ വിശുദ്ധ മാസം ആചരിക്കാമെന്ന് ഉറപ്പ് നൽകാൻ ശ്രമിക്കുന്നതുമാണ്. ഇക്കാര്യത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ സ്‌കൂളുകൾ സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉറുദു-മീഡിയം സ്‌കൂളുകളുടെ സ്‌കൂൾ സമയങ്ങളിൽ സമാനമായ മാറ്റം ആന്ധ്രാപ്രദേശ് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വർഷം മാർച്ച് 12 മുതൽ ഏപ്രിൽ 10 വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 1:30 വരെയാകും സ്കൂളുകൾ പ്രവര്‍ത്തിക്കുക. റമദാൻ പ്രമാണിച്ച് സമയക്രമം മാറ്റണമെന്ന് ന്യൂനപക്ഷ അധ്യാപക സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് സർക്കുലറിൽ പറയുന്നു. എന്നാല്‍, ഷെഡ്യൂളിംഗ് മാറ്റങ്ങൾ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്‍സി) പൊതു പരീക്ഷകളെയോ മറ്റ് പരീക്ഷകളെയോ ബാധിക്കില്ലെന്ന് അറിയിപ്പിൽ പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply