‘രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, കോൾ വന്നാൽ പരിഭ്രാന്തരാകരുത്, ജാഗ്രത വേണം’; പ്രധാനമന്ത്രി

രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. ഒരു അന്വേഷണ ഏജൻസിക്കും ഇന്ത്യയിൽ ഡിജിറ്റൽ രീതിയിൽ അറസ്റ്റ് ചെയ്യാനാവില്ല. അത്തരം കോളുകൾ വന്നാൽ പരിഭ്രാന്തരാകരുത്. ഒരു വ്യക്തിഗത വിവരങ്ങളും കൈമാറരുത്. ഉടൻതന്നെ നാഷണൽ സൈബർ ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മോദി.

പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ഒരാൾ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മൻ കി ബാത്തിൽ ഡിജിറ്റൽ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്. ദൃശ്യത്തിൽ കാണുന്നയാൾ തട്ടിപ്പിനിരയാക്കുന്ന ആളുടെ സ്വകാര്യ വിവരങ്ങൾ തേടുന്നു. പരിഭ്രാന്തനായ വ്യക്തി എല്ലാം തുറന്ന് പറയുന്നു. അയാളുടെ പേരിൽ പരാതിയുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെടുന്നു. കോടതി ഉൾപ്പെടെയുള്ള സംവിധാനങ്ങളിലേക്ക് കേസ് കൈമാറുന്നതായി കാണിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേർ ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് മൻ കീ ബാത്തിൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകുന്നത്.

ഇത്തരം ഘട്ടങ്ങളിൽ പരിഭ്രാന്തരാകാതെ ചിന്തിച്ച് പ്രവർത്തിക്കണം. കഴിയുമെങ്കിൽ വീഡിയോ കോളിന്റെ സ്‌ക്രീൻഷോട്ട് എടുക്കണം. അല്ലെങ്കിൽ റെക്കോർഡ് ചെയ്യണം. പിന്നീട് ദേശീയ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ വിളിച്ച് വിവരമറിയിക്കണം. തുടർന്ന് cybercrime.gov.in എന്ന ഇ – മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയയ്ക്കണം. പൊലീസിലും വിവരങ്ങൾ കൈമാറണം. പരാതികൾ വ്യാപകമായതോടെ നാഷണൽ സൈബർ കോർഡിനേഷൻ സെന്റർ തയ്യാറാക്കി കഴിഞ്ഞു. സംസ്ഥാന സർക്കാരുകളുമായി ചേർന്നാണ് പ്രവർത്തനം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply